നടുവൊടിക്കുന്ന പുല്ലാട് – മല്ലപ്പള്ളി പാത

ഒരു വര്‍ഷത്തോളമായി ഗതാഗതയോഗ്യമല്ലാതെ, നടുവൊടിക്കുന്ന യാത്രസമ്മാനിക്കുകയാണ് പുല്ലാട് – മല്ലപ്പള്ളി പാത... റോഡ് വെട്ടിപ്പൊളിച്ച വാട്ടര്‍ അതോറിറ്റിയും, ദേശിയപാത അതോറിറ്റിയും തമ്മിലുള്ള തര്‍ക്കമാണ് പുനര്‍നിര്‍മാണം വൈകിപ്പിക്കുന്നത്.  കോട്ടയം– കോഴഞ്ചേരി റൂട്ടിലെ പ്രധാനപാതയുടെ ശാപമോക്ഷത്തിനായി മുറവിളി ഉയരുമ്പോഴും ജനപ്രതിനിധികള്‍ക്ക് കുലുക്കമില്ല. 

ശത്രുക്കള്‍ക്കുപോലും ഈ ഗതി വരുത്തല്ലേയെന്ന് പറയുന്നവരുണ്ട്. മല്ലപ്പള്ളി – പുല്ലാട് റോഡിലൂടെ ഒരുതവണപോയാല്‍, അതവര്‍ മാറ്റിപ്പറയും. ശത്രുക്കള്‍പോലും ഈ വഴി തിരഞ്ഞെടുക്കരുതേയെന്ന്. അത്രയ്ക്ക് ദുരിതമാണീ യാത്ര. വന്നുപെട്ടാല്‍പിന്നെ അനുഭവിക്കാതെ രക്ഷയില്ല. പതിനാലുകിലോമീറ്ററാണ് ഇങ്ങനെ തകര്‍ന്ന് തരിപ്പണമായികിടക്കുന്നത്. 

തകര്‍ന്ന റോഡിലൂടെ കാല്‍നടയാത്രപോലും ദുഷ്കരമാണ്. ഇപ്പംശരിയാക്കിത്തരാം എന്ന സ്ഥിരംപല്ലവിയാണ് തിരഞ്ഞെടുത്തുവിട്ട ജനപ്രതിനിധികള്‍ നാട്ടുകാര്‍ക്ക് മുന്നില്‍ നിരത്തുന്നത്. പൈപ്പ് ഇടാനെടുത്ത കുഴി അടയട്ടെ, മഴകഴിയട്ടെ, നിര്‍മാണ ഉദ്ഘാടനംകഴിഞ്ഞല്ലോ എന്നൊക്കെയുള്ള ന്യായീകരണങ്ങളും ഒപ്പമുണ്ടാകും. നാടിന്‍റെ മനസറിയുന്ന ജനപ്രതിനിധികളെന്ന് സ്വയം അവകാശപ്പെടുന്നവര്‍ ഏറെയുള്ള നാടാണ്. പക്ഷെ, കുളംതോല്‍ക്കുന്ന കുഴിയില്‍ ചവിട്ടി ഈനാട്ടിലെ ജനംപറയുന്നത്, ആര് കാണാന്‍ , ആര് കേള്‍ക്കാന്‍ ...