പുനലൂരിൽ ഉച്ചഭാഷിണിയിലൂടെ ബോധവൽക്കരിച്ച് മോട്ടോർ വാഹനവകുപ്പ്

ഓണത്തിരക്കില്‍ വാഹനാപകടങ്ങള്‍ പരമാവധി ഒഴിവാക്കാൻ കൊല്ലം പുനലൂരിൽ മോട്ടോർ വാഹന വകുപ്പിന്റെ ബോധവൽക്കരണം. ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവരെ പിന്‍തുടര്‍ന്ന് ഉച്ചഭാഷിണിയിലൂടെയാണ് സന്ദേശങ്ങള്‍ നല്‍കുന്നത്. 

പുനലൂര്‍ ടൗണിലൂടെ ഗതാഗത നിയമങ്ങള്‍ ലംഘിച്ച് പായുന്നവര്‍ക്ക്  ഇങ്ങനെയുള്ള ഉപദേശം കേള്‍ക്കാം.മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍  വാഹനത്തില്‍ പിന്‍തുടര്‍ന്ന് നിയമ ലംഘകര്‍ക്ക് ഉപദേശം നല്‍കി കൊണ്ടേയിരിക്കും. അപകടങ്ങള്‍ പരമാവധി കുറയ്ക്കാനും പുതിയ നിയമ പ്രകാരമുള്ള ഭീമമായ പിഴയില്‍ നിന്നും ഭാവിയില്‍ രക്ഷപെടാനും ‌വേണ്ടിയാണ് ഈ ഉപദേശം. പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷമുള്ള ആദ്യ ആഴ്ച്ച കൊല്ലം ജില്ലയില്‍ നിന്നു മാത്രം മോട്ടോര്‍ വാഹന വകുപ്പിന് പിഴയായി ലഭിച്ചത് അഞ്ചുലക്ഷത്തിനാല്‍പ്പത്തിരണ്ടായിരം രൂപയാണ്. 286 കേസ് രജിസ്റ്റര്‍ ചെയ്തു. ഹെല്‍മറ്റ് ധരിക്കാത്തിനാണ് ഭൂരിഭാഗം ആളുകള്‍ക്കും പിഴ ഒടുക്കേണ്ടി വന്നത്.