ദേശീയപാത വികസനം; കൊല്ലത്ത് സർവേ ആരംഭിച്ചു

ദേശീയപാത അറുപത്തിയാറു നാലു വരിയായി വികസിപ്പിക്കുന്നതിനുള്ള സർവേ നടപടികൾ കൊല്ലത്തു ആരംഭിച്ചു. ഡപ്യൂട്ടി കലക്ടറുടെ മേൽനോട്ടത്തിൽ നാലു സ്പെഷല്‍ തഹസിൽദാർമാരുടെ നേതൃത്വത്തിലാണ് ജില്ലയിലെ സർവേ. സര്‍വേ പൂര്‍ത്തിയാകുന്നതിനു പിന്നാലെ ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള അവസാനഘട്ട വിജ്ഞാപനം പുറപ്പെടുവിക്കും. 

അലൈൻമെന്റ് നിശ്ചയിച്ചു 45 മീറ്റർ വീതിയിൽ നേരത്തെ തന്നെ അതിർത്തിക്കല്ല് സ്ഥാപിച്ചിട്ടുണ്ട്. ഭൂമിയുടെ വിസ്തീർണവും ഇതിൽ നിൽക്കുന്ന കെട്ടിടങ്ങളുടെ വിശദാശംങ്ങളും മറ്റും ശേഖരിക്കുന്നതിനാണ് ഇപ്പോഴുള്ള സര്‍വേ. ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ ഒരേ സമയം വിവിധ ഇടങ്ങളില്‍ സര്‍വേ നടക്കുന്നുണ്ട്.

കാവനാട് ‌മുതൽ ചിന്നക്കട വഴി മേവറം വരെ പാത വികസനമോ ഭൂമി ഏറ്റെടുക്കലോ ഇല്ല. കാവനാട് മുതൽ മേവറം വരെ ഇപ്പോഴുള്ള സ്ഥലത്ത് തന്നെ ബൈപാസ് നാലു വരിയായി വികസിപ്പിക്കും. ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായുള്ള അദാലത്തു ഈ ആഴ്ച്ച പൂർത്തിയാകും.