അടൂർ ആശുപത്രിയിൽ ആംബുലൻസുകൾ കട്ടപ്പുറത്ത്; വലഞ്ഞ് ജനം

അടൂര്‍ ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സ് കട്ടപ്പുറത്തായതോടെ വലഞ്ഞ് രോഗികള്‍. ആശുപത്രിയില്‍ രണ്ട് ആംബുലന്‍സുകള്‍ ഉണ്ടെങ്കിലും തകരാര്‍ പരിഹരിക്കാന്‍ വര്‍ക് ഷോപ്പില്‍ കയറ്റിയ ഇവപുറത്തിറക്കിയിട്ടല്ല. നിര്‍ധനരോഗികള്‍ക്ക് ആശ്വാസമായിരുന്ന ആംബുലന്‍സ് സേവനം ഇല്ലാതായതോടെ പ്രതിഷേധം ശക്തമാണ്.

രണ്ട് ആംബുലന്‍സുകള്‍ ആണ് ജനറല്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒന്ന് ഇടിച്ചുതകര്‍ന്നു. ഇതിനുപകരം മറ്റൊന്ന്അനുവദിച്ചെങ്കിലും പഴക്കം കാരണം നിലനില്‍പ്പുണ്ടായില്ല. രണ്ടാമത്തേത് തകരാര്‍ കാരണം വര്‍ക് ഷോപ്പിലായിട്ട് ആഴ്ചകളായി. ഇതോടെയാണ് അടൂരിലെ പ്രധാന ആതുരാലയമായ ജനറല്‍ ആശുപത്രിയില്‍ ആംബുലന്‍സ് ഇല്ലാതായത്.

അടിയന്ത്രി സാഹചര്യത്തില്‍ സഹായത്തിനെത്തേണ്ട ആശുപത്രിയുടെ പ്രാധാന്യം മനസിലാക്കി പ്രവര്‍ത്തിക്കേണ്ടവര്‍ മൗനം പാലിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ജനറല്‍ ആശുപത്രിയില്‍ നിന്ന് മറ്റ് ആശുപത്രികളിലേയ്ക്ക് പോകേണ്ട നിര്‍ധനരോഗികള്‍ സ്വകാര്യ ആംബുലന്‍സ് സര്‍വീസുകളെ ആശ്രയിക്കേണ്ട ഗതികേടാണ് ഉള്ളത്. സ്വകാര്യ ആംബുലന്‍സുകള്‍ ഈടാക്കുന്ന തുക നിര്‍ധനരോഗികള്‍ക്ക് താങ്ങാനുമാകുന്നില്ല