ലിന്യം ശേഖരിക്കുന്നത് നിര്‍ത്തിവച്ച സാഹചര്യത്തില്‍ പത്തനംതിട്ട നഗരസഭ ഭരണസമിതിക്കെതിരെ വ്യാപക പ്രതിഷേധം.  നഗരസഭയിലെ കരാര്‍തൊഴിലാളികളും, വ്യാപാരി വ്യവസായി ഫെഡറേഷനും ചേര്‍ന്ന് നഗരസഭാകവാടം ഉപരോധിച്ചു. ഉചിതമായ നടപടി സ്വീകരിക്കാമെന്ന നഗരസഭാ ചെയര്‍പേഴ്സന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധം അവസാനിപ്പിച്ചു.

പത്തനംതിട്ട നഗരസഭാ താല്‍ക്കാലികമായി മാലിന്യസംഭരണം നിര്‍ത്തിവച്ചതോടെയാണ് വിവിധസംഘടനകളും തൊഴിലാളികളും പ്രതിഷേധത്തിനിറങ്ങിയത്. മാലിന്യ സംഭരണം നിര്‍ത്തിവച്ചതോടെ കരാര്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഒപ്പം നഗരത്തില്‍ മാലിന്യസംസ്കരണം പ്രതിസന്ധിയിലാവുകയും ചെയ്തു. മാലിന്യം ഉറവിടത്തില്‍തന്നെ സംസ്കരിക്കണമെന്നാവശ്യപ്പെട്ടാണ് നഗരസഭ മാലിന്യ സംഭരണം നിര്‍ത്തിവച്ചിരിക്കുന്നത്.

മാലിന്യ സംഭരണത്തിനായി നിയോഗിച്ച സ്വകാര്യ ഏജന്‍സിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലാത്തതാണ് സംഭരണം നിര്‍ത്തിവയ്ക്കാന്‍ കാരണം എന്നാണ് കൗണ്‍സില്‍ വിശദീകരണം. ഇതോടെ നഗരത്തിന്റെ പലഭാഗത്തും മാലിന്യം കന്നുകൂടിയ സ്ഥിതിയാണ്. വലിയ പ്രതിഷേധമാണ് ഇതിനെതിരെ നഗരസഭപരിധിയില്‍ ഉയര്‍ന്നുവരുന്നത്. മാലിന്യ സംഭരണം നിര്‍ത്തിവച്ചതിനെതിരെ വ്യാപാരി വ്യവസായി ഫെഡറഷന്‍ നഗരസഭ ചെയര്‍പേഴ്സന് നിവേദനം നല്‍കി.