നഗരസഭയിലെ നിയമനം രാഷ്ട്രീയവിവാദമാകുന്നു; ബഹിഷ്കരണസമരം

ആലപ്പുഴ നഗരസഭയിലെ താത്കാലിക ജീവനക്കാരുടെ നിയമനം രാഷ്ട്രീയ വിവാദമാകുന്നു. ചെയർമാൻ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് LDF ബഹിഷ്കരണ സമരം ആരംഭിച്ചു. എന്നാല്‍ ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് നിയമനം നടത്തിയതെന്നാണ് UDF പക്ഷം 

താത്കാലിക അടിസ്ഥാനത്തിൽ നിയമിച്ച 37 ശുചീകരണ തൊഴിലാളികളുടെ നിയമനം നഗരസഭാ ചെയർമാന്റെ തന്നിഷ്ടപ്രകാരമെന്നാണ് ഇടത് മുന്നണിയുടെ ആക്ഷേപം. അർഹരുടെ പട്ടിക ചെയർമാൻ തിരുത്തുകയും സ്വജനപക്ഷപാതം കാട്ടുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിജിലൻസിൽ പരാതി നൽകിയിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെടുക്കാൻ ആലപ്പുഴ സൗത്ത് പോലീസിന് നിർദ്ദേശവും ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചെയർമാന്റെ രാജി ആവശ്യപ്പെട്ട് ഇടത് കൗൺസിലർമാർ, കൗൺസിൽ യോഗത്തിൽ ബഹളം ആരംഭിച്ചത്. അജണ്ടകളിലേയ്ക്ക് കടക്കാനാകാതെ യോഗം പിരിഞ്ഞു. ചെയർമാന്റെ എല്ലാ യോഗങ്ങളും ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം നിലപാടെടുത്തു.

എന്നാൽ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും ചട്ടങ്ങൾ പാലിച്ചാണ് നിയമനമെന്നും ചെയർമാൻ പ്രതികരിച്ചു. കുടിവെള്ള പ്രശ്നം ഉള്‍പ്പടെ പരിഹരിക്കപ്പെടാതിരിക്കെ കൗണ്‍സില്‍ അലങ്കോലപ്പെടുത്തുകയാണ് ഇരുപക്ഷവുമെന്ന് ബിജെപി അംഗങ്ങള്‍ കുറ്റപ്പെടുത്തി LDF പ്രതിഷേധം ശക്തിപ്പെടുത്തിയതോടെ ഇടത് മുന്നണി നഗരസഭ ഭരിച്ച കാലത്തെ താത്കാലിക ജീവനക്കാരെയും പിരിച്ചുവിടുമെന്ന ഭീഷണിയാണ് യുഡിഎഫ് ഉയർത്തുന്നത്.