കൊല്ലം പുനലൂര്‍ റയില്‍ പാതയില്‍ മരംകടപുഴകി വീഴുന്നത് പതിവാകുന്നു

കൊല്ലം പുനലൂര്‍ റയില്‍ പാതയില്‍ മരംകടപുഴകി വീണ് ഗതാഗതം തടസപെടുന്നത് പതിവാകുന്നു. അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന യാത്രക്കാരുടെ ആവശ്യം റയില്‍വേ അധികൃതര്‍ അവഗണിക്കുകയാണെന്നും ആക്ഷേപമുണ്ട്.

കൊല്ലം പുനലൂര്‍ റെയില്‍ പാതയില്‍ കൊട്ടാരക്കരയ്ക്കും കുരയ്ക്കുമിടയിലാണ് മരം കടപുഴകി വീഴാറുള്ളത്. കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും നാലിടത്താണ് മരം വീണത്. വിവരം ഉടന്‍ നാട്ടുകാര്‍ ഫയര്‍ഫോഴ്സിലും റെയില്‍വേയിലും അറിയച്ചതിനാല്‍ അപകടം ഒഴിവായി. 

മൂന്ന് മാസം മുൻപും തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. ശക്തമായ കാറ്റില്‍ വന്‍മരം പാളത്തിലേക്ക് വീണു. മിനിട്ടുകൾക്കുള്ളിൽ ട്രെയിൻ വന്നു. നാട്ടുകാർ ബഹളം വച്ച് ട്രെയിൻ വന്ന ഭാഗത്തേക്ക് ഓടി. ഇത് ശ്രദ്ധയിൽപെട്ട ലോക്കോ പൈലറ്റ് ട്രെയിൻ നിർത്താന്‍ ശ്രമിച്ചെങ്കിലും മരത്തിൽ ഇടിച്ചാണ് ട്രെയിൻ നിന്നത്.