കൊല്ലം മലപ്പത്തൂരില്‍ ആദിവാസികളുടെ നേതൃത്വത്തില്‍ ഭൂസമരം

കൊല്ലം വെളിയം മലപ്പത്തൂരില്‍ ആദിവാസികളുടെ നേതൃത്വത്തില്‍ ഭൂസമരം തുടങ്ങി. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള നൂറ്റിനാല്‍പ്പത്തിനാലു ഏക്കര്‍ ഭൂമിയില്‍  കുടില്‍ കെട്ടി. സമരസമിതിയുമായി നാളെ റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയേക്കും.

അരിപ്പ ഭൂസമരത്തില്‍ പങ്കെടുത്ത ഒരു വിഭാഗമാണ് വീണ്ടും സമരത്തിനിറങ്ങിയത്. അരിപ്പ,ചെങ്ങറ,വാളിയോട്, ഉമ്മന്നൂര്‍, പനയം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള നൂറോളം ആളുകളാണ് മലപ്പത്തൂരിലെ സ്വകാര്യ ഭൂമിയില്‍ കുടില്‍ക്കെട്ടിയത്. 

അരിപ്പയിലെ ഭൂസമരം അവസാനിപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ വാക്കു പാലിച്ചില്ലെന്ന് സമരക്കാര്‍ പറഞ്ഞു. കുടില്‍കെട്ടി‌യ ഭൂമി സര്‍ക്കാര്‍ പുറമ്പോക്കാണെന്നും വ്യാജരേഖ ചമച്ച് സ്വകാര്യവ്യക്തി തട്ടിയെടുത്തതാണെന്നും എഡിഎംഎസി‌ന്റെ േനൃത്വത്തിലുള്ള സമരസമിതി ആരോപിക്കുന്നു.

സംഘര്‍ഷ സാധ്യത കണിക്കിലെടുത്ത് സ്ഥലത്ത് പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. പ്രശ്നപരിഹരത്തിനായി നാളെ കൊല്ലം ജില്ലാ കലക്ടര്‍ സമരസമിതിയുമായി ചര്‍ച്ച നടത്തിയേക്കും.