ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ മുടങ്ങില്ല

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ മുടക്കമില്ലാതെ ലഭിക്കുമെന്ന് ആരോഗ്യവകുപ്പ്. കാരുണ്യ ,ആര്‍ എസ് ബി വൈ പദ്ധതികളുടെ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ബജറ്റില്‍ പ്രഖ്യാപിച്ച സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാകുന്നതുവരെ പഴയ പദ്ധതികളുടെ ആനുകൂല്യം ലഭിക്കും.

പുതിയ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഇന്നു മുതല്‍ തുടങ്ങുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. എന്നാല്‍ പദ്ധതി നടത്തിപ്പ് എങ്ങുമെത്തിയിട്ടില്ല. ഇതേത്തുടര്‍ന്നാണ് പുതിയ പദ്ധതി വരുന്നതുവരെ കാരുണ്യ– ആര്‍ എസ് ബി വൈ പദ്ധതികള്‍ അതേപടി നിലനിര്‍ത്താനുള്ള തീരുമാനം. ആശുപത്രികളുമായി  സംസാരിച്ച് ഇക്കാര്യത്തില്‍ ധാരണയിലെത്തിയതായി ആരോഗ്യവകുപ്പ്് വൃത്തങ്ങള്‍ അറിയിച്ചു. കാരുണ്യ – ആര്‍ എസ് ബി വൈ കാര്‍ഡുകളുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. എന്നാല്‍ ചികില്‍സാ ആനുകൂല്യം ലഭിക്കാന്‍ അതേ കാര്‍ഡുകള്‍ തന്നെ രോഗികള്‍ക്ക് ഉപയോഗിക്കാം. വര്‍ഷം അ‍ഞ്ചുലക്ഷം രൂപയുടെ പരിരക്ഷയാണ് വാഗ്ദാനം ചെയ്തിരുന്നത്. 

ലോട്ടറി വരുമാനവും കേന്ദ്രവിഹിതവും ചേര്‍ത്ത് നടപ്പാക്കുന്ന പദ്ധതിയുടെ കരാര്‍ റിലയന്‍സ് കമ്പനിക്ക് നല്കിയിരുന്നു. റജിസ്ട്രേഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതല്ലാതെ കാര്യമായി മുന്നോട്ടു പോയില്ല. വലിയ ക്യാംപയിനിലൂടെ മാത്രമേ പുതിയ പദ്ധതിയുടെ ഗുണഫലം ജനങ്ങളില്‍ എത്തിക്കാനാകൂ എന്നും അതിന് ഇലക്ഷന്‍ പെരുമാറ്റച്ചട്ടം നില്‍ക്കുമ്പോള്‍ സാധിക്കില്ലെന്നുമാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.