പിജി പ്രവേശനത്തിന് ദേശീയ തലത്തിൽ പൊതുപ്രവേശന പരീക്ഷ

എംജി സർവകലാശാലയില്‍ പിജി പ്രവേശനത്തിന് ദേശീയ തലത്തില്‍ പൊതുപ്രവേശന പരീക്ഷ നടത്താന്‍ തീരുമാനം. പഠന നിലവാരം ഉയര്‍ത്തുന്നതിനൊപ്പം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യമാണ് തീരുമാനത്തിന് പിന്നില്‍. ഇതരസംസ്ഥാന വിദ്യാർത്ഥികൾക്കും വിദേശ വിദ്യാർത്ഥികൾക്കും 20 ശതമാനം വീതം അധിക സീറ്റുകളും സംവരണം ചെയ്തിട്ടുണ്ട്. 

എം എസ് സി, എം കോം എംബിഎ തുടങ്ങി 27 കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനാണ് ദേശീയതലത്തില്‍ എന്‍ട്രന്‍സ് നടത്തുന്നത്. രാജ്യത്തെ എട്ട് കേന്ദ്രങ്ങളിലായിട്ടായിരിക്കും പരീക്ഷ നനടക്കുക. സംസ്ഥാനത്തിന് പുറത്ത് ചെന്നൈ, ദില്ലി, ബംഗ്ലൂരൂ എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങള്‍. നേരത്തെ കോട്ടയം മാത്രമായിരുന്നു പരീക്ഷ കേന്ദ്രം. പഠന സൗകര്യങ്ങള്‍ മെച്ചപ്പെടുന്നതിനൊപ്പം സര്‍വകലാശാലയുടെ മികവ് രാജ്യത്തിന് പുറതെത്തിക്കുകയെന്ന ലക്ഷ്യവും മാറ്റത്തിന് പിന്നിലുണ്ട്.  

ഓണ്‍ലൈന്‍ വഴിയാണ് പരീക്ഷകള്‍ നടത്തുക. ഓരോ പഠനവകുപ്പിലും നാലപത് ശതമാനം അധിക സീറ്റുകള്‍ പുറത്തു നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് താമസസൗകര്യവും ഏര്‍പ്പെടുത്തും. ആയിരം രൂപയാണ് പ്രവേശനപരീക്ഷയ്ക്ക് ഉള്ള അപേക്ഷാ ഫീസ്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് പകുതി ഫീസ് നല്‍കിയാല്‍ മതിയാകും.