തലസ്ഥാന നഗരിയുടെ മുഖം മാറ്റാൻ സ്മാര്‍ട് സിറ്റി പദ്ധതി തുടങ്ങി

തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട് സിറ്റി പദ്ധതി നിര്‍മാണങ്ങള്‍ക്ക് തുടക്കമായി.  ഓപ്പണ്‍ ജിമ്മുകളും ഇന്‍ഫര്‍മേഷന്‍ കിയോസ്കുകളുമാണ്   ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്. രണ്ടായിരത്തി ഇരുപതോടെ പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

1538 കോടി രൂപ ഉപയോഗിച്ച് നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് തലസ്ഥാനത്തിന്റെ മുഖഛായ തന്നെ മാറ്റാന്‍ ലക്ഷ്യമിടുന്നതാണ് സ്മാര്‍ട് സിറ്റി. ഉടന്‍ തുടങ്ങുമെന്ന് ഒരു വര്‍ഷത്തിലേറെയായി കേള്‍ക്കുന്ന നിര്‍മാണങ്ങളുടെ ഉദ്ഘാടനമാണ് ഒടുവില്‍ യാഥാര്‍ഥ്യമായത്.  സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍ദേശിച്ചു.

ഗാന്ധി പാര്‍ക്ക്, ശ്രീകണ്ഠേശ്വരം, കോട്ടക്കകം ശ്രീചിത്തിര തിരുനാള്‍ പാര്‍ക്ക് എന്നിവിടങ്ങളിലായി മൂന്ന് ഓപ്പണ്‍ ജിം. നഗരസഭ, തമ്പാനൂര്‍ ബസ് ടെര്‍മിനല്‍, ഗാന്ധി പാര്‍ക്ക് എന്നിവിടങ്ങളിലായി വിദേശികള്‍ക്കുള്‍പ്പെടെ വിവരങ്ങള്‍ നല്‍കാനുള്ള കിയോസ്കുകള്‍, നഗരസഭയുടെ ഉടമസ്ഥതയിലുള്ള ശുചിമുറികളുടെയെല്ലാം നവീകരണം..ഇവയാണ് ആദ്യഘട്ടം നടക്കുന്നത്. രണ്ടാംഘട്ടത്തില്‍ ബസ് ഷെല്‍ട്ടറും വാട്ടര്‍ കിയോസ്കുകളുമെല്ലാം നിര്‍മിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പുള്ള ഔപചാരിക ഉദ്ഘാടനത്തിനൊപ്പം ഒരാഴ്ചക്കുള്ളില്‍ നിര്‍മാണം തുടങ്ങുമെന്നാണ് അറിയിക്കുന്നത്.