കാർഷിക മേഖലയ്ക്കു പ്രഥമ പരിഗണന നല്‍കി കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ബജറ്റ്

കാർഷിക മേഖലയ്ക്കു പ്രഥമ പരിഗണന നല്‍കി കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ബജറ്റ്. വൃക്ക രോഗികൾക്കു സൗജന്യ ഡയാലിസിസ് ഉൾപ്പെടെ ആരോഗ്യ മേഖലയിൽ നൂതന പദ്ധതികളും പ്രഖ്യാപിച്ചു. വനിതാമതിലിനെക്കുറിച്ചുള്ള പരാമർശത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍  യുഡിഎഫ് അംഗങ്ങൾ ബജറ്റ് പാസാക്കുന്നതിനു മുൻപ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. 

2015 നവംബറിൽ അധികാരമേറ്റ ഭരണ സമിതിയുടെ നാലാമത്തെ ബജറ്റ് ആണ് വൈസ് പ്രസിഡന്റ് എസ്.വേണുഗോപാൽ അവതരിപ്പിച്ചത്. 213 കോടി രൂപ വരവും 209 കോടി രൂപ ചെലവും 4 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണു ബജറ്റ്. ജില്ലാ പഞ്ചായത്ത് ഹാളിനു പുറത്ത് ബജറ്റ് അവതരിപ്പിച്ചു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.  ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ പന്തൽ കെട്ടിയായിരുന്നു ബജറ്റ് അവതരണം. 

ആമുഖ പ്രസംഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി വനിതാമതിലിനെക്കുറിച്ചു പരാമർശിച്ചതിനെ യുഡിഎഫ് അംഗങ്ങൾ ചര്‍ച്ചയില്‍ വിമർശിച്ചിരുന്നു. വിമര്‍ശിച്ചവരെ എൽഡിഎഫ് പ്രതിനിധികൾ ആക്ഷേപിച്ചുവെന്ന് ആരോപിച്ചു പ്രതിപക്ഷത്തെ നാലു അംഗങ്ങളും ബജറ്റ് പാസാക്കുന്നതിനു മുൻപ് യോഗത്തില്‍ നിന്നു ഇറങ്ങിപ്പോയി.