മിനിമം വേതനം വേണം; സഹകരണാശുപത്രിയിലെ ജീവനക്കാർ സമരത്തിൽ

മിനിമം വേതനം ആവശ്യപ്പെട്ട് ആലപ്പുഴ പുന്നപ്രയില്‍ സഹകരണ ആശുപത്രിക്ക് മുന്നില്‍ സിപിഎം അനുകൂല സംഘടനയുടെ സമരം. ക്ലീനിങ് തൊഴിലാളികള്‍ ഉള്‍പ്പടെ ഇരുനൂറ്റിയന്‍പതോളം ജീവനക്കാരാണ് സൂചനാപണിമുടക്ക് നടത്തിയത്. സര്‍ക്കാര്‍ വിജ്ഞാപനം അനുസരിച്ചുളള അടിസ്ഥാന ശമ്പളം കോപ്പറേറ്റിവ് അക്കാദമി നല്‍കാത്തതാണ് സമരത്തിന് കാരണം 

2017- ഒക്ടോബർ ഒന്ന് മുതൽ കരാർ, ദിവസവേതന ജീവനക്കാർക്ക് അടിസ്ഥാന ശമ്പളമായി ദിവസം 630 രൂപ നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും 350 രുപയാണ് വേതനം. ഒരേ തസ്തികയിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാർ മൂന്ന് ഇരട്ടിയിലേറെ വേതനം കൈപ്പറ്റുമ്പോഴാണ് ഈ അനീതിയെന്നും സമരക്കാര്‍ പറയുന്നു. സാഗരാ സഹകരണ ആശുപത്രി ലാഭത്തിലായിട്ടും വകുപ്പിന് കീഴിലെ കേപ്പ് അധികാരികളിൽ നിന്നും മോശം പ്രതികരണമാണ് ഉണ്ടാവുന്നതെന്ന് സിപിഎം ജില്ലാകമ്മിറ്റിയംഗം എച്ച് സലാം കുറ്റപ്പെടുത്തി

കേപ്പ് എoപ്ലോയീസ് കോൺട്രാക്ട് യുണിയന്റെ ആഭിമുഖ്യത്തിൽ നടന്ന സമരത്തില്‍ ക്ലീനിങ് തൊഴിലാളികള്‍ മുതല്‍ ഓഫിസ് സ്റ്റാഫുകള്‍ വരെ പങ്കെടുത്തു. മന്ത്രി ജി.സുധാകരന്‍ മുന്‍കൈയെടുത്ത് കൊണ്ടുവന്നതാണ് പുന്നപ്രയിലെ സഹകരണ ആശുപത്രിയും എന്‍ജിനീയറിങ് കോളജും എം.ബി.എ കോളജുമെല്ലാം. ഇവിടെ ജീവനക്കാര്‍ക്ക് സിപിഎം അനുകൂല സംഘടന മാത്രമാണുള്ളത്