വ്രതശുദ്ധിയുടെ പൂർണതയിൽ ആറ്റുകാൽ ക്ഷേത്രത്തിൽ കുത്തിയോട്ടം

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ചുള്ള വൈവിധ്യമായ കുത്തിയോട്ട ചടങ്ങ് നടന്നു .815 ബാലന്‍മാര്‍ കുത്തിയോട്ട ചടങ്ങില്‍ പങ്കെടുത്തു. ദേവിക്ക് കാപ്പുകെട്ടി കുടിയിരുത്തിയത്തിന്റെ മൂന്നാം നാളില്‍ ആരംഭിച്ച കുത്തിയോട്ടവ്രതത്തിനാണ് പരിസമാപ്തിയായത്.രാത്രി ഒന്‍പതേകാലിന് ദേവിയുടെ കാപ്പഴിക്കുന്നതോടെ ആറ്റുകാല്‍ ഉല്‍സവത്തിന് പരിസമാപ്തിയാവും.

ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറനണിഞ്ഞ്  ദേവിയെ വണങ്ങി വ്രതമാരംഭിച്ച ദേവീദാസന്‍മാരായ കുത്തിയോട്ട ബാലന്‍മാരുടെ പുണ്യനിമിഷമാണിത്. പ്രാര്‍ഥനിര്‍ഭരമായി മാതാപിതാക്കളോടൊപ്പം അവര്‍ ക്ഷേത്രത്തിലേക്ക് എത്തി. കിരീടം വച്ച് അണിഞ്ഞൊരുങ്ങി ദേവിയുടെ മുൻപിലെത്തി ചൂരൽ കുത്തി. മഹിഷാസുരമർദിനി ദേവിയുടെ മുറിവേറ്റ ഭടന്മാരാണു കുത്തിയോട്ട ബാലന്മാർ എന്നതാണു സങ്കല്പം. വ്രതശുദ്ധിയോടെ ക്ഷേത്രാങ്കണത്തില്‍ തങ്ങി ഏഴുദിവസം കൊണ്ട് 1008 നമസ്കാരങ്ങൾ പൂർത്തിയാക്കിയ ഇവർക്കു ദേവിയുടെ ആശീർവാദം ലഭിക്കുമെന്നാണു വിശ്വാസം. 

വിവിധകാലാരൂപങ്ങളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ മണക്കാട് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലേയ്ക്കുള്ള ദേവിയുടെ എഴുന്നള്ളത്തിന് കുത്തിയോട്ട ബാലന്‍മാര്‍ അകമ്പടി സേവിച്ചു.രാവിലെ ആറ്റുകാൽ ക്ഷേത്രത്തിലേക്കു ദേവിതിരികെ എത്തുന്നതിനു മുൻപായി കുത്തിയോട്ട ബാലന്മാർ ക്ഷേത്രത്തിൽ എത്തി.