ആറ്റുകാലിലേക്ക് ഭക്തജന പ്രവാഹം

പൊങ്കാലയ്ക്ക് നാലു ദിവസം ശേഷിക്കെ ആറ്റുകാലിലേക്ക് ഭക്തജന പ്രവാഹം. തലസ്ഥാനം ദേവീ മന്ത്രത്താല്‍ മുഖരിതം. നഗരത്തില്‍ പലയിടങ്ങളിലും റോഡിനു ഇരുവശത്തുമായി ഇപ്പോള്‍ തന്നെ അടുപ്പിനായി സ്ഥലം പിടിച്ചു കഴി‍ഞ്ഞു.

പൊങ്കാലയ്ക്ക് നാലു ദിവസം ശേഷിക്കുന്നുണ്ടെങ്കിലും ദര്‍ശനം നടത്താനെത്തുന്ന ഭക്തജനങ്ങളുടെ എണ്ണം ഏറിയതോടെ തലസ്ഥാന നഗരി ഭക്തജന തിരക്കിലമര്‍ന്നു . പൊങ്കാലയിടുന്നതിനു വിവിധ ജില്ലകളില്‍ നിന്നെത്തുന്നവര്‍ കൂട്ടത്തോടെ ബുക്ക് ചെയ്തതോടെ നഗരത്തിലെ ഹോട്ടല്‍ മുറികളുടെ  ബുക്കിങ് ഏതാണ്ട്  പൂര്‍ത്തിയായി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ  നാരങ്ങാവിളക്ക് തെളിക്കുന്നവരുടെ എണ്ണം ദിനപ്രതിയുള്ളത് ഒന്നര ലക്ഷം കവിഞ്ഞു. നാരങ്ങാ വിളക്ക് തെളിക്കുന്നത് കുടുംബത്തിന്റെ ഐശ്വര്യത്തിനും, അഭിവൃദ്ധിക്കും വഴിയൊരുക്കുമെന്നാണ് വിശ്വാസം. 

ഇത്തവണ 45 ലക്ഷം പേര്‍ പൊങ്കാലയ്ക്കായി എത്തുമെന്നുമാണ് ക്ഷേത്രം ട്രസ്റ്റിന്‍റെ  കണക്കുകൂട്ടല്‍. പൊലീസ് , ഫയര്‍ഫോഴ്സ്, ഭക്ഷ്യാ സുരക്ഷാവിഭാഗം അടക്കമുള്ള വിഭാഗങ്ങള്‍ ക്ഷേത്രപരിസരത്ത് ഇതിനോടകം ഓഫിസ് തുറന്നുകഴിഞ്ഞു.