താലൂക്ക് ആശുപത്രിയിലെ ക്ലിനിക്കൽ ലാബിന്റെ പ്രവർത്തനം നിലച്ചു

ആലപ്പുഴ കായംകുളം താലൂക്ക് ആശുപത്രിയിലെ ക്ലിനിക്കൽ ലാബിന്റെ പ്രവർത്തനം നിലച്ചു. ലാബിലെ യന്ത്രങ്ങള്‍ പലതും ഒരുമാസത്തോളമായി പ്രവര്‍ത്തന രഹിതമായിട്ടും നടപടികള്‍ ഒന്നുമായില്ല. ഇതോടെ വലിയ തുകമുടക്കി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍.

കരൾ രോഗവുമായി ബന്ധപ്പെട്ടുള്ള ലിവർ ഫങ്‌ഷൻ ടെസ്റ്റ്‌ ഉൾപ്പെടെയുള്ള എല്ലാ പ്രധാനപെട്ട പരിശോധനകളും നിലച്ചു. ലാബിലെ യന്ത്ര തകരാറാണ് അധികൃതർ കാരണമായി പറയുന്നത്. എന്നാല്‍ യന്ത്ര തകരാർ ഉണ്ടായി ഒരുമാസത്തോളമായിട്ടും ഇതിന്റെ കേടുപാടുകൾ പരിഹരിക്കുവാൻ ആശുപത്രി അധികൃതർ തയാറായിട്ടില്ല. സ്വകാര്യ ലാബുകളെ സഹായിക്കാനാണ് ഇത്തരത്തിൽ അടിക്കടി യന്ത്രങ്ങൾ തകരാറിലാകുന്നതെന്നും ആക്ഷേപമുണ്ട്.

രോഗികളുടെ പരാതിയെതുടര്‍ന്ന് നഗരസഭാചെയർമാനും കൗൺസിലറും കഴിഞ്ഞദിവസം ആശുപത്രി ലാബിൽ പരിശോധനയ്ക്കെത്തി. പുതിയ യന്ത്രങ്ങൾ ഉണ്ടായിട്ടും അത് പ്രവർത്തിപ്പിക്കാത്തതായും കണ്ടെത്തി. യന്ത്രങ്ങള്‍ തകരാറിലായതില്‍ ദുരൂഹത ഉണ്ടെന്നും ഇത് വിജിലൻസിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നു നഗരസഭാ ചെയർമാൻ പറഞ്ഞു.