വെള്ളറടയിൽ വാനരശല്യം; നിസംഗത തുടർന്ന് വനംവകുപ്പ്

തിരുവനന്തപുരം വെള്ളറടയിലും വാനരശല്യം രൂക്ഷമാകുന്നു. വീടും കൃഷിയിടങ്ങളും നശിപ്പിക്കുന്നു. കഴിഞ്ഞ ദിവസം വാനരന്മാരെ തുരത്തുന്നതിനിടയില്‍ കര്‍ഷകന്‍ മരത്തില്‍ നിന്നു വീണു മരിച്ചിരുന്നു. വനം വകുപ്പ് നിസംഗത തുടരുന്നതായാണ് നാട്ടുകാരുടെ പരാതി.

വിളവെടുക്കാറായ കൃഷിയിടങ്ങളിലാണ് വാനരശല്യം രൂക്ഷം. കൂടാതെ വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് ഭക്ഷണസാധനങ്ങള്‍ നശിപ്പിക്കുന്നതും പതിവാണ്. കൃഷിയിടങ്ങള്‍ വാനരന്മാര്‍ നശിപ്പിക്കുന്നതു തടയാന്‍ ശ്രമിക്കവെ പുളിയില്‍ നിന്നു വീണു സൈറസ് എന്ന കര്‍ഷകന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് വനരശല്യം സഹിക്കാനാവാതെ പുഷ്പഭായിയെന്ന വീട്ടമ്മയും ആത്മഹത്യ ചെയ്തിരുന്നു

പരാതി പറഞ്ഞിട്ടും വനംവകുപ്പ് നിസംഗത തുടരുന്നതായി പഞ്ചായത്തും പരാതിപ്പെടുന്നു. ഗ്രാമസഭകളിലൂടെ ജനകീയ കൂട്ടായ്മകള്‍ രുപീകരിച്ച് പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.