സന്നിധാനത്തെ രാമമൂര്‍ത്തി മണ്ഡപം ഉണര്‍ന്നു

 കടമ്പകൾ കടന്ന് സോപാന സംഗീതത്തിന്റെ വിശുദ്ധിയിൽ ശബരിമല സന്നിധാനത്തെ രാമമൂര്‍ത്തി മണ്ഡപം ഉണര്‍ന്നു. ഈ മണ്ഡലക്കാലത്ത്  ആദ്യമായാണ് സന്നിധാനത്തെ വേദിയില്‍ കലാപരിപാടി അരങ്ങേറുന്നത്. പൊലീസ് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടിയാണ്  പരിപാടി അവതരിപ്പിച്ചത്.  

നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് തിരുവല്ല, സ്വദേശി എം.ജെ. ശിവകുമാറിന് ശബരിമലയില്‍ സോപാന സംഗീതം അവതരിപ്പിക്കാനായത്. 

പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ രാമമൂര്‍ത്തി മണ്ഡപത്തിൽ കലാപരിപാടികളും വിലക്കി. ഒടുവിൽ വേദിയുണരാന്‍ ഹൈക്കോടതി തന്നെ കനിയേണ്ടി വന്നു.  

മണ്ഡലക്കാലത്ത്  41 ദിവസവും രാമമൂർത്തി മണ്ഡപത്തിൽ വിവിധ കലാകാരൻമാരുടെ വഴിപാടായി പരിപാടികൾ നടക്കാറുണ്ട്. കാഴ്ചക്കാരും ഏറെയുണ്ടാകാറുണ്ട്. ഇത്തവണ കാഴ്ച്ചക്കാരും കുറഞ്ഞു .