തീര്‍ത്ഥാടകര്‍ക്ക് ഭീഷണിയായി സന്നിധാനത്ത് കാട്ടുപന്നികൾ

ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് ഭീഷണിയാകുന്ന കാട്ടുപന്നികളെ പിടികൂടാന്‍ വനംവകുപ്പ് നടപടി തുടങ്ങി.  മൃഗഡോക്ടറുടെ നേതൃത്വത്തില്‍  കണക്കെടുപ്പ് ആരംഭിച്ചു.   

സന്നിധാനത്ത് അലഞ്ഞു തിരിയുന്നകാട്ടുപന്നികൾ തീർഥാടകർക്ക് ഭീഷണിയായ ഘട്ടത്തിലാണ് വനം വകുപ്പിന്റെ നടപടി. ഈ സീസണിൽ ഒരു ഡസനിലേറെ പേർ കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായി. രാത്രി ഭക്ഷണം തേടി ഇറങ്ങുന്ന കാട്ടുപന്നികൾ വിരിവെച്ച തീർഥാടകർക്കിടയിലുടെ ഓടുന്നത് സ്ഥിരം കാഴ്ച്ചയാണ്. ഇത് ശ്രദ്ധയിൽപ്പെട്ട ദേവസ്വം ബോർഡും പന്നികളെ പിടികൂടി ഫെൻസിങ് സ്ഥാപിച്ച് മാറ്റണമെന്ന് വനം വകുപ്പിന് നിർദേശം നൽകിയിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് റേഞ്ച് ഓഫിസറും മൃഗഡോക്ടറും സന്നിധാനത്ത് പരിശോധന നടത്തിയത്. എല്ലാ പന്നികളെയും പിടികൂടുക പ്രായോഗികമല്ല ഈ സാഹചര്യത്തില്‍ കുഴപ്പക്കാരായ കാട്ടുപന്നികളെ പിടികൂടാനാണ് തീരുമാനം. മകരവിളക്ക് ആഘോഷങ്ങൾക്ക് നട തുറക്കും മുൻപ് കുഴപ്പക്കാരായ കാട്ടുപന്നികളെ സന്നിധാനത്തു നിന് പുറത്താക്കാനാണ് തീരുമാനം.