വാഴകര്‍ഷകര്‍ പ്രതിസന്ധിയില്‍

വാഴക്കുലകളുടെ വില ഉല്‍പാദനചെലവിലും താഴ്ന്നതോടെ വാഴകര്‍ഷകര്‍ പ്രതിസന്ധിയില്‍. മൂന്നുമാസം മുന്‍പ് കിലോയ്ക്ക് 80രൂപയുണ്ടായിരുന്ന ഏത്തക്കുലയുടെ വില 35ലെത്തിയതോടെ ചെറുകിട കര്‍ഷകരാണ് കൂടുതലായും ദുരിതത്തിലായത്. വിപണിയില്‍ മികച്ച വില ലഭിച്ചിരുന്ന ഞാലിപ്പൂവന് ശരാശരി വില 30ലേക്കെത്തി.  

സ്വാശ്രയ കര്‍ഷകവിപണിയില്‍ മേല്‍ത്തരം ഏത്തക്കുലയ്ക്ക് 35രൂപവരെയാണ് ലഭിക്കുന്നത്. പൊതുവിപണിയിലാകട്ടെ വില അതിലും താഴും. സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയവര്‍ വിലയിടിഞ്ഞതോടെ ദുരിതത്തിലായി.

റോബസ്റ്റയ്ക്ക് വില കിലോയ്ക്ക് പത്തുരൂപവരെയായി. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വാഴക്കുലകളെത്തുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. വിലകുറച്ചുകിട്ടുന്നതിനാല്‍ പുറംവിപണിയെ കച്ചവടക്കാര്‍ ആശ്രയിക്കുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു.