തിരുവനന്തപുരം കോര്‍പറേഷനിൽ മൂന്ന് റോഡുകൾ പൂർണമായും തകർന്നു

തിരുവനന്തപുരം കോര്‍പറേഷന്‍ പുഞ്ചകരി വാർഡിൽ  മൂന്ന് റോഡുകൾ പൂർണമായും തകർന്ന അവസ്ഥയില്‍.  നാട്ടുകാര്‍ പലവട്ടം പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല.

പ്രദേശത്തെ പ്രധാന റോഡാണ് മേനിലം പുഞ്ചക്കരി റോഡ്. റോഡിന്‍റെ  രണ്ടര കിലോമീറ്ററോളം വരുന്ന ഭാഗം തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷം കഴിഞ്ഞു. റോഡില്‍ രൂപപ്പെട്ട വലിയ കുഴികളില്‍  ഇരു ചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും നിത്യസംഭവമാണ്. സമാന അവസ്ഥ തന്നെയാണ് സമീപത്തെ മുട്ടളക്കുഴി – കരിങ്കടമുകൾ റോഡിനും.  12 വർഷമായി ഈ റോഡ് ടാർ ചെയ്യിട്ടില്ല.  നിരവധി സ്കൂള്‍ ബസുകളടക്കം കടന്നു പോകുന്ന വഴിയാണിത്. റോഡിന്റെ തകർച്ച അപകടം വരുത്തിവെയ്ക്കുമെന്ന ഭീതിയിലാണ് രക്ഷിതാക്കൾ. മറ്റൊരു റോഡായ വായനശാല ആഴാക്കോണം റോഡിന്‍റെ സ്ഥിതിയും ദയനീയമാണ്.

സെക്രട്ടറിയേറ്റിൽ നിന്ന്  അനുമതി പത്രം ലഭിക്കാത്തതാണ്  കാലതാമസത്തിന് കാരണമെന്നാണ് വാര്‍ഡ് മെംബറുടെ വിശദീകരണം.  റോഡുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിച്ചില്ലെങ്കിൽ  പ്രക്ഷോഭവുമായി രംഗത്തിറങ്ങാനാണ് തീരുമാനം.