കർഷക കൂട്ടായ്മയിൽ അടൂരിൽ പച്ചക്കറി കൃഷി തിരികെ വരുന്നു

പത്തനംതിട്ട അടൂരില്‍ പച്ചക്കറി കൃഷി തിരിച്ചുവരുന്നു. പ്രളയത്തില്‍ അടൂര്‍ മേഖലയില്‍ വ്യാപകമായി കൃഷിനശിച്ച് കര്‍ഷകരുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായിരുന്നു. നെല്‍കൃഷികൂടി ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് കര്‍ഷകര്‍.

ശക്തമായ മഴയിലും കല്ലടയാറിലെ ജലപ്രളയത്തിലും മണ്ണടി താഴത്ത്, വെട്ടുവയല്‍ എന്നിവിടങ്ങളിലെ കൃഷി പൂര്‍ണമായും നശിച്ചിരുന്നു. വാഴ,മരച്ചീനി, വിവിധ പച്ചക്കറി കൃഷി എന്നിവയായിരുന്നു നശിച്ചത്.  എന്നാല്‍ കര്‍ഷകകൂട്ടായ്മയിലും കഠിനാധ്വാനത്തിലുമാണ് ഇപ്പോള്‍ കൃഷിക്ക് തിരിച്ചുവരവുണ്ടായിരിക്കുന്നത്. 

പയര്‍,പാവല്‍ എന്നിവയുടെ വിളവെടുപ്പ് തുടങ്ങി. പച്ചമുളക്, വഴുതന, ചീര എന്നീകൃഷികള്‍ക്കായി തയാറെടുപ്പും തുടങ്ങി. മണ്ണടിയില്‍ താഴത്തുവയലില്‍ നെല്‍കൃഷിക്ക് ഇതുവരെ തുടക്കമായിട്ടില്ല. എന്നാല്‍ ഉടന്‍ നെല്‍കൃഷിയും ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.