മിനി പമ്പയില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം

ശബരിമല തീര്‍ത്ഥാടകരുടെ  ഇടത്താവളമായ കുറ്റിപ്പുറം മിനി പമ്പയില്‍ മണ്ഡലകാല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം. പൊലിസ് ചെക്ക് പോസ്റ്റ് , കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് , മൊബൈല്‍ ശുചിമുറി ഉള്‍പ്പെടെ തീര്‍ത്ഥാടകര്‍ക്കായുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കും.   

ശബരിമല തീര്‍ത്ഥാടകരുടെ മലപ്പുറം ജില്ലയിലെ പ്രധാന ഇടത്താവളമാണ് കുറ്റിപ്പുറത്തെ മിനിപമ്പ.ഇവിടെ എത്തുന്നവര്‍ക്കാവശ്യമായ സൗകര്യമൊരുക്കേണ്ട ചുമതല ഡി.ടി.പി.സിക്കാണ്.

 തീര്‍ത്ഥാടകര്‍ക്ക്  സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് കുറ്റിപ്പുറം മിനി സിവില്‍ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം തുറക്കുന്നത്.മെഡിക്കല്‍ എയ്ഡ് പോസ്റ്റ് , അഗ്നിശമന സേന,ആംബുലന്‍സ് എന്നിവയുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കും.ഒന്നരകോടി രൂപ ചെലവഴിച്ചാണ് നിലവില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.കൂടുതല്‍ തുക ചെലവഴിച്ച് തീര്‍ത്ഥാടകര്‍ക്കായി ഇനിയും സൗകര്യങ്ങള്‍ ഒരുക്കും.മന്ത്രി കെ.ടി ജലിലിന്റെ നേതൃത്വത്തില്‍ നടത്തിയ അവലോക യോഗത്തിലാണ് മിനിപമ്പയില്‍ ഒരുക്കേണ്ട സൗകര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.

ഈ മാസം 15 നുള്ളില്‍ മിനി പമ്പയിലും പരിസരത്തും വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കും.

പുഴയുടെ ഇരു കരകളിലും ബാരിക്കേഡുകള്‍ വച്ച് സുരക്ഷ ഒരുക്കും.  സുരക്ഷാ കാര്യങ്ങള്‍  ഏകോപിപ്പിക്കാന്‍ ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.