തിരുവനന്തപുരം വിമാനത്താവളത്തിലെ പുനരധിവാസ പാക്കേജില്‍ തീരുമാനമായില്ല

തിരുവനന്തപുരം വിമാനത്താവളത്തിലെ രണ്ടാംഘട്ട വികസനത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പുനരധിവാസ പാക്കേജില്‍ തീരുമാനമായില്ല. ഗസറ്റ് വിഞ്ജാപനം ചെയ്തിട്ടും പാക്കേജില്‍ തീരുമാനമാകാത്തത് സര്‍ക്കാര്‍ അനാസ്ഥയെന്നു ആരോപണം. സ്ഥലം കൈമാറ്റം ചെയ്യാനോ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനോ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍.

വിമാനത്താവളത്തിനായി ചാക്ക മുതല്‍ വയ്യാമൂല വരെയുള്ള ഭാഗത്താണ് സ്ഥലം ഏറ്റെടുക്കുന്നതിനു തീരുമാനം ആയത് . ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം വിമാനത്താവളത്തിനു പരിസരത്തുള്ള 18 ഏക്കര്‍ സ്ഥലത്ത് വില്‍ക്കാനോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ പാടില്ലെന്നുള്ള  വിഞ്ജാപനം  2018 ജൂണ്‍ 13 ന് ഇറങ്ങുകയും ചെയ്തു. എന്നാല്‍ ലാന്റ് അക്വിസേഷന്‍ ഓഫിസര്‍ സ്ഥലത്തെത്തി ഭൂമിക്കും വീടിനും വില നിശ്ചയിക്കാനുള്ള നടപടിക്രമങ്ങള്‍ എങ്ങുമെത്തിയില്ല. ഇതോടെ പ്രതിസന്ധിയിലായത് നാട്ടുകാരാണ്

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഒക്ടോബര്‍ എട്ടിനു കലക്ട്രേറ്റില്‍ പുനരധിവാസ പാക്കേജ് ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നിരുന്നു.വിമാനത്താവള വികസനത്തിനായി നൂറോളം കുടുംബങ്ങള്‍ സമ്മതപത്രം നല്‍കിയിരുന്നു.