സേനാംഗങ്ങളുടെ ഓര്‍മ പുതുക്കി പൊലീസ് റാലി

കൃത്യനിര്‍വഹണത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട പൊലീസ് സേനാംഗങ്ങളുടെ ഓര്‍മ പുതുക്കി പൊലീസിന്റെ റാലി. തിരുവനന്തപുരം കവടിയാറില്‍ നിന്നാരംഭിച്ച റാലി പൊലീസ് ആസ്ഥാനത്തെ എഡിജിപി, ആര്‍.ആനന്ദകൃഷ്ണന്‍ ഫ്ലാഗ് ഓഫ് ചെയ്തു. പഴയ തലമുറയിലെ വാഹനങ്ങളും പുതു തലമുറയിലെ വാഹനങ്ങളും റാലിയില്‍ അണി നിരന്നു.

പഴയകാല പൊലീസും കാമന്‍ഡോകളും തുറന്ന ജീപ്പില്‍, ആദ്യകാല ബെന്‍സ് കാര്‍ മുതല്‍ പുതുതലമുറയിലെ ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുവരെ, തൊട്ടു പിന്നാലെ അശ്വാരൂഢ സേനയും, ബാന്‍ഡ് ട്രൂപ്പും, കൃത്യനിര്‍വഹണത്തില്‍ മരണപ്പെട്ടവരുടെ ഓര്‍മപുതുക്കനായി റാലിയില്‍ അണിചേര്‍ന്നു. പൊലീസിനെ പുതുതലമുറക്ക് പരിചയപ്പെടുത്തുകയാണ് റാലിയുടെ ലക്ഷ്യമെന്നു ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ആര്‍.ആനന്ദകൃഷ്ണന്‍ പറഞ്ഞു. ഒക്ടോബര്‍ 21  ഓര്‍മ പുതുക്കല്‍ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി രക്തദാന ക്യാമ്പുകളും പൊലീസ് സംഘടിപ്പിച്ചിട്ടുണ്ട്.