ആലപ്പുഴ നഗരസഭാ ഭരണത്തില്‍ യുഡിഎഫ് അഴിച്ചുപണി

ആലപ്പുഴ നഗരസഭാ ഭരണത്തില്‍ യുഡിഎഫ് അഴിച്ചുപണി തുടങ്ങി. രണ്ടു സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍ മുന്‍ധാരണപ്രകാരം ഡിസിസി പ്രസിഡന്റിന് രാജിക്കത്തു കൈമാറി. ചെയര്‍മാന്‍ ഉള്‍പ്പടെ മാറണമെന്നാണ് ആവശ്യമെങ്കിലും എതിര്‍പ്പും വ്യാപകമാണ്. കോണ്‍ഗ്രസും ലീഗും ചില സീറ്റുകള്‍ വച്ചുമാറിയാണ് പുനഃസംഘടന നടത്തുന്നത് 

കോണ്‍ഗ്രസ് അംഗം രാജിവച്ച ഒഴിവലേക്കാണ് മുസ്്ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടിനേതാവ് എ.എ.റസാഖ് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. നഗരസഭയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കിയാണ് ആരോഗ്യവിഭാഗം ലീഗ് ഏറ്റെടുത്തത്. പദവി നോക്കുമ്പോള്‍ നഷ്ടമാണെങ്കിലും മുന്‍ധാരണ പ്രകാരമുള്ള തീരുമാനമെന്നാണ് പുതിയ സ്ഥിരംസമിതി അധ്യക്ഷന്‍ പറയുന്നത്

കോണ്‍ഗ്രസുകാരായ വികസന, ക്ഷേമകാര്യ അധ്യക്ഷന്മാരാണ് ഡിസിസി പ്രസിഡന്റിന് രാജി കൈമാറിയത്. വരും ദിവസങ്ങളില്‍ ഔദ്യോഗിക രാജിപ്രഖ്യാപനവും ഉണ്ടാകും. തോമസ് ജോസഫിനെ നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യമുണ്ടെങ്കിലും ജില്ലയിലെ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ഇക്കാര്യത്തിനില്ല. എന്നാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിയെന്നാണ് നഗരസഭാ ചെയര്‍മാന്റെയും പക്ഷം പുതിയ സ്ഥിരംസമിതി ചെയര്‍മാന്‍മാര്‍ ആരൊക്കെ എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. തര്‍ക്കമൊഴിവാക്കാനുള്ള ശ്രമത്തിലാണ് ഡിസിസി. മുന്‍ധാരണയുടെ പേരില്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ബി.മെഹബൂബ് കഴിഞ്ഞമാസം പാര്‍ട്ടിവിട്ടിരുന്നു