തിരുവനന്തപുരം നഗരത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നു. അരുവിക്കര ഡാമിനോട് ചേര്‍ന്ന് പുതിയ ശുദ്ധീകരണ പ്ളാന്റ് സ്ഥാപിക്കാന്‍ നഗരസഭ തീരുമാനിച്ചു. ഒന്നര വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും.

തലസ്ഥാന നഗരത്തിലെ കുടിവെള്ളത്തിന്റെ പ്രധാന സ്രോതസാണ് അരുവിക്കര ഡാം. ഇവിടെ നിന്ന് ശുദ്ധീകരിച്ചെടുക്കുന്ന വെള്ളമാണ് വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്നത്. നിലവില്‍ രണ്ട് പ്ളാന്റുകളാണുള്ളത്. ഒരെണ്ണം കൂടി തുടങ്ങാനാണ് തീരുമാനം. വലിയ ശേഷിയുള്ള പ്ളാന്റാണ് അമൃത് പദ്ധതിയൂടെ ഭാഗമായി നഗരസഭ സ്ഥാപിക്കുന്നത്.

75 കോടി രൂപയാണ് പ്ളാന്റിനായി ചെലവാക്കുന്നത്. മൂന്നേക്കര്‍ സ്ഥലം കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ കമ്പനിയെ നിര്‍മാണം ഏല്‍പ്പിച്ചു. മേയറുടെ നേതൃത്വത്തിലെ സംഘം സ്ഥലത്തെത്തി നടപടികള്‍ വേഗത്തിലാക്കാനുള്ള യോഗവും ചേര്‍ന്നു. പ്ളാന്റ് യാഥാര്‍ഥ്യമാകുന്നതോടെ അരുവിക്കരയില്‍ നിന്ന് തിരുവനന്തപുരത്തേക്കെത്തിക്കുന്ന വെള്ളത്തിന്റെ അളവ് ഇരട്ടിയായി വര്‍ധിക്കും. പല ഉയര്‍ന്നയിടങ്ങളിലും വെള്ളമെത്തുന്നില്ലെന്ന പരാതിയും പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.