നീലക്കുറിഞ്ഞി പറിക്കല്ലേ, ശിക്ഷ കടുത്തതാണ്

നീലക്കുറിഞ്ഞി കാണാനെത്തുന്നവര്‍ അതുപറിച്ചെടുക്കുന്നതും നശിപ്പിക്കുന്നതും നിത്യസംഭവമായതോടെ നടപടി കടുപ്പിച്ച്  വനംവകുപ്പ്. കുറിഞ്ഞിച്ചെടി പിഴുതെടുത്താല്‍ തടവും പിഴയും  ലഭിക്കും. അധികൃതര്‍ നല്‍കുന്ന നിര്‍ദേശം  സഞ്ചാരികള്‍ പാലിക്കുന്നില്ലെന്നും പരാതിയുണ്ട്.

നിരവധിയാളുകളാണ് കുറിഞ്ഞിക്കാഴ്ച്ച കാണാന്‍ മൂന്നാര്‍ രാജമലയിലേയ്ക്കും, കൊളുക്കുമലയിലേയ്ക്കും, മറയൂരിലേയ്ക്കുമെല്ലാം  എത്തുന്നത്. 

ആപൂര്‍വകാഴ്ച്ച ആസ്വദിച്ച് മടങ്ങുന്നതിന് പകരം  നീലക്കുറിഞ്ഞിപ്പൂക്കള്‍ പറിച്ചെടുത്ത്  ചിത്രങ്ങളാക്കാനും, അത് കടത്തിക്കൊണ്ട് പോകാനും ശ്രമിക്കുന്നവരും സഞ്ചാരികള്‍ക്കിടയിലുണ്ട് 

ഇത് കുറ്റകരമാണെന്ന്പോലും മനസിലാക്കാതെ ചിത്രങ്ങള്‍  സമൂഹമാധ്യമങ്ങളില്‍ നിറക്കുന്നവര്‍ അതിധികം. നീലക്കുറിഞ്ഞി പറിച്ചെടുത്താല്‍, വനംവന്യജീവി നിയമം അനുസരിച്ച് കുറ്റക്കാര്‍ക്കെതിരെ കേസെടുക്കാം. വനമേഖലയില്‍ പ്രവേശിച്ച് കുറിഞ്ഞി കടത്തിയാല്‍ മൂന്ന് വര്‍ഷം മൂതല്‍ അഞ്ച് വര്‍ഷം വരെ തടവും പിഴയും ലഭിക്കും. ഇരവികുളം ദേശിയോദ്യാനത്തില്‍ പൂക്കള്‍ പറിക്കുന്നത് കണ്ടെത്തിയാല്‍ രണ്ടായിരം രൂപ പിഴനല്‍കണം. 

ശക്തമായ കാലവര്‍ഷത്തില്‍ നീലക്കുറിഞ്ഞി വസന്തം വൈകി. പലയിടത്തും പൂക്കള്‍ ചീഞ്ഞുപോയി. ചിലയിടത്ത്  കുറിഞ്ഞിവിരിഞ്ഞുമില്ല. ഈ ഇത്തിരിക്കാഴ്ച്ചയെ നുള്ളിയെടുന്നവര്‍ അത് ഇനിയുമെത്തുന്നവര്‍ക്കുകൂടി കാണേണ്ടതാണെന്ന് ഒാര്‍മിച്ചാല്‍ നന്ന്.