മിഷന്‍ കൊല്ലം പദ്ധതി: ഇടതുമുന്നണിയില്‍ ഭിന്നത

മിഷന്‍ കൊല്ലം പദ്ധതിയെ ചൊല്ലി ഇടതുമുന്നണിയില്‍ ഭിന്നത. പദ്ധതിയെപ്പറ്റിയുള്ള പൊതുജനാഭിപ്രായം തേടാനായി മേയര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് ഡെപ്യൂട്ടി മേയര്‍ അടക്കമുള്ള സിപിഐ അംഗങ്ങള്‍ വിട്ടു നിന്നു. പദ്ധതിയുടെ ഭാഗമായി ചിന്നക്കടയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ആകാശ നടപാതയില്‍ നിന്ന് നഗരസഭ പിന്‍മാറണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

മിഷന്‍ കൊല്ലത്തില്‍ നാലു പ്രധാന പദ്ധതികളാണുള്ളത്. കാല്‍നടയാത്രക്കാര്‍ക്കായി ചിന്നകടിയില്‍ മുപ്പതുകോടിരൂപ മുടക്കി ആകാശ പാത. ആണ്ടാമുക്കത്ത് രാജ്യാന്തര നിലവാരത്തില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, കലക്ട്രേറ്റ് മുതല്‍ തങ്കശേരി വരെയുള്ള റോഡ് തിരുവനന്തപുരത്തെ മാനവീയം വീഥിയുടെ മാതൃകയിലാക്കുക, മാലിന്യ സംസ്കരണത്തിനായി മൂന്ന് ഏക്കറില്‍ ബൃഹത് പദ്ധതി. എന്നാല്‍ ജനാഭിപ്രായം തേടി നഗരസഭ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എല്ലാവരും അംഗീകരിച്ചത് മാനവീയം പദ്ധതി മാത്രം. ചിന്നക്കടയിലെ ആകാശനടപ്പാത അശാസ്ത്രീയമാണെന്നായിരുന്ന പൊതു വികാരം. ഇതേ ചൊല്ലി ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവുമുണ്ടായി.

അതേ സമയം പദ്ധതിയെപ്പറ്റി ഇടതുമുന്നണിയില്‍ ചര്‍ച്ചചെയ്തില്ലെന്ന് ചുണ്ടിക്കാട്ടി ഡെപ്യൂട്ടി മേയര്‍ അടക്കമുള്ള സിപിഐ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തില്ല.