ഡേകെയറിന് മുന്നിൽ അറവുമാലിന്യം; പിടികൂടാൻ വകുപ്പില്ലെന്ന് പൊലീസ്

തിരുവനന്തപുരം മണക്കാട് ഡേകെയര്‍ സ്കൂളിനുമുന്നില്‍ അറവുമാലിന്യങ്ങള്‍ തള്ളുന്നു. മാലിന്യം തള്ളുന്നതിന്റ  സിസിറ്റിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരാതി നല്‍കിയിട്ടും  പൊലീസോ നഗരസഭ അധികൃതരോ നടപടിയെടുത്തിട്ടില്ല.

ഇരുപതോളംം കുരുന്നുകള്‍ കഴിയുന്ന ഡേകെയറിനുമുന്നിലെ കാഴ്ചയാണിത്. രാത്രിയെന്നോ പകലെന്നോയില്ലാതെയാണ് മാലിന്യ നിക്ഷേപം. നഗരസഭയിലെ ശുചീകരണ തൊഴിലാളിയും ചവറുകൊണ്ടിടുന്നത് ഇവിടെത്തന്നെ. തെളിവുകള്‍ ഹാജരാക്കിയാല്‍ നടപടിയെടുക്കാമെന്നറിയിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ക്യാമറ സ്ഥാപിച്ചത്. ഒടുവില്‍ ഇതിലെ ദൃശ്യങ്ങള്‍ ഹാജരാക്കി പരാതിനല്‍കിയിട്ടും  നഗരസഭയ്ക്ക് അനക്കമില്ല. മാലിന്യം നിക്ഷേപിക്കുന്നവരെ ശിക്ഷിക്കാന്‍ വകുപ്പില്ലെന്ന് പറഞ്ഞ് പൊലീസും കൈയൊഴിഞ്ഞു. ദുര്‍ഗന്ധവും ഈച്ച ശല്യവും രൂക്ഷമായതോടെ കുട്ടികളെ പുറത്തിറക്കാറില്ല. ആരോഗ്യ വകുപ്പിന് പരാതി നല്‍കിയെങ്കിലും അവരും  തിരിഞ്ഞുനോക്കിയിട്ടില്ല.