ലക്ഷങ്ങൾ ചിലവിട്ടിട്ടും പാഴായിപ്പോയ ക്ഷീരകർഷക പരിശീലനകേന്ദ്രം

നിര്‍മാണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉദ്ഘാടനം ചെയ്യാനാകാതെ കൊല്ലം ഇളമ്പള്ളൂരിലെ ക്ഷീരകര്‍ഷക പരിശീലന കേന്ദ്രം. ജില്ലാ പഞ്ചായത്ത് മുപ്പത്തിയഞ്ച് ലക്ഷം രൂപ ചെലവാക്കി നിര്‍മിച്ച കെട്ടിടം കാടുകയറി നശിക്കുകയാണ്. പത്തു വര്‍ഷം മുന്‍പ് മുപ്പത്തിയഞ്ച് ലക്ഷം രൂപ ചെലവാക്കി കൊല്ലം ജില്ലാ പഞ്ചായത്ത് പണിത കെട്ടിടത്തിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്. കെട്ടിടം കാടുകയറി നശിക്കുന്നുവെന്ന് മാത്രമല്ല രാത്രിയായാല്‍ സാമൂഹിക വിരുദ്ധരുടെ താവളമാണിവിടം.

വാടക കെട്ടിടത്തില്‍ ഓച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരകര്‍ഷക പരിശീലന കേന്ദ്രത്തിന് വേണ്ടിയാണ് ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെട്ടിടം നിര്‍മിച്ചത്. ആറുലക്ഷം രൂപ ചെലവാക്കി യന്ത്രങ്ങളും ലാപ്ടോപ്പ് അടക്കമുള്ള ഉപകരണങ്ങളും വാങ്ങിയിരുന്നു. എന്നാല്‍ എന്തുകൊണ്ടോ കെട്ടിടം ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടില്ല.

കെട്ടിടം തുറന്ന് പ്രവര്‍ത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഓംബുഡ്സ്മാന് കത്ത് നല്‍കിയിട്ടുണ്ട്. ക്ഷീരകര്‍ഷക പരിശീലന കേന്ദ്രം ഇപ്പോള്‍ പ്രവര്‍ത്തക്കുന്ന കെട്ടിടത്തിന് പതിനായിരം രൂപയാണ് മാസ വാടക.