നാട്ടുകാര്‍ക്ക് ദുരിതം വിതച്ച് തലസ്ഥാനത്തെ അമ്പലമുക്ക്-പരുത്തിപ്പാറ റോഡ്

യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ദുരിതം വിതച്ച് തലസ്ഥാനത്തെ അമ്പലമുക്ക് -പരുത്തിപ്പാറ റോഡ്. രണ്ടര കിലോമീറ്റര്‍ വരുന്ന റോഡ് സഞ്ചാര്യയോഗ്യമല്ലാതായി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണിപോലുമില്ല. റോഡ് പൊളിഞ്ഞ് കിടക്കുന്നതിനാല്‍ പ്രദേശത്ത് പൊടിശല്യവും രൂക്ഷമാണ്. 

പൈപ്പ്പൊട്ടി വെള്ളം പാഴാകുന്നത് പതിവായതോടെയാണ് രണ്ട് വര്‍ഷം മുമ്പ് പൈപ്പ് മാറ്റി  സ്ഥാപിക്കാന്‍ കേരള വാട്ടര്‍ അതോറിറ്റി നടപടി തുടങ്ങിയത്. പണി പൂര്‍ത്തിയാക്കി റോഡ് ടാറിങ്ങ് പുനരാരംഭിച്ചതോടെ സ്ഥിതി വീണ്ടും പഴയപടി. റോഡ് നിര്‍മാണം നിലച്ചതോടെ നാട്ടുകാരും ദുരിതത്തിലായി.

അമ്പലമുക്ക് മുതല്‍ മുട്ടട വരെ റോഡിന്റെ അവസ്ഥ ഇതുതന്നെ. റോഡിന് ഇരുവശത്തായി താമസിക്കുന്നവരും, കച്ചവടക്കാരും പൊടിശ്വസിച്ചുണ്ടാകുന്ന അസുഖങ്ങള്‍ കാരണം ആശുപത്രി കയറിയിറങ്ങി മടുത്തു. വഴിയുടെ ദുരവസ്ഥകാരണം സ്ഥലത്തേക്ക് ഓട്ടോ പോലും കടന്നുവരാറില്ലെന്നും ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുക പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.