പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർക്കായുള്ള പ്രത്യേക അദാലത്തിന് വൻ സ്വീകാര്യത

പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർക്കുവേണ്ടി നടത്തുന്ന പ്രത്യേക അദാലത്തിന് വൻ സ്വീകാര്യത. ചെങ്ങന്നൂർ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരുന്നൂറിലധികംപേരാണ് സേവനം പ്രയോജനപ്പെടുത്തിയത്.

പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് സൌജന്യമായി പുതിയവ ലഭ്യമാക്കുന്നതിനാണ് പ്രത്യേക അദാലത്ത് ആരംഭിച്ചത്. റീജിയണൽ പാസ്പോർട്ട് ഓഫിസുകൾക്ക് പുറമേ പാസ്പോർട്ട് സേവാകേന്ദ്രങ്ങൾവഴിയും സേവനം ലഭ്യമാണ്. ആദ്യം ഓൺലൈനായി പാസ്പോർട്ടിനുള്ള അപേക്ഷ നൽകണം. ഇതിൻറെ പ്രിന്റൌട്ടിനൊപ്പം കേടുപാടുപറ്റിയ പാസ്പോർട്ട്, അതിൻറെ ഫോട്ടോസ്റ്റാറ്റ് കോപ്പി, പാസ്പോർട്ട് നഷ്ടപ്പെട്ടെങ്കിൽ എഫ്.ഐ.ആർ അല്ലെങ്കിൽ നഷ്ടപ്പെട്ടതായുള്ള പൊലീസ് റിപ്പോർട്ട്, രണ്ട് ഫോട്ടോ എന്നിവ സഹിതമാണ് പാസ്പോർട്ട് സേവാ കേന്ദ്രത്തിലെത്തേണ്ടത്. നൂലാമാലകൾ ഒഴിവാക്കിയുള്ള പുതിയ സംവിധാനത്തെക്കുറിച്ച് അപേക്ഷകർക്കും മികച്ച അഭിപ്രായം.

പൊതുജനത്തിൻറെ ഭാഗത്തുനിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഉദ്യോഗസ്ഥരും പറയുന്നു. ഒക്ടോബർ അവസാനംവരെ പ്രത്യേക സേവനം ലഭ്യമാണ്.

ഒരു വർഷത്തിൽക്കൂടുതൽ കാലാവധി ബാക്കിയുള്ള പാസ്പോർട്ടുകളാണ് ഒരാഴ്ചയ്ക്കുള്ളിൽ മാറ്റി നൽകുന്നത്. ഒരു വർഷത്തിൽത്താഴെ കാലാവധിയുള്ള പാസ്പോർട്ടുള്ളവർ പുതുക്കാനുള്ള അപേക്ഷയാണ് നൽകേണ്ടത്.