കോഴഞ്ചേരി പാലത്തിലെ വിള്ളലുകൾ ഉടൻ പരിഹരിക്കാൻ നിർദേശം

കോഴഞ്ചേരി പാലത്തിന്റെ തൂണുകളിൽ കണ്ടെത്തിയ വിള്ളലുകൾ അടിയന്തിരമായി പരിഹരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ. പാലത്തിൽ നടത്തിയ പരിശോധനയിൽ ഒന്നരക്കോടി രൂപയുടെ അറ്റകുറ്റപ്പണികൾ വേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വാഹന ഗതാഗതത്തിന് നിലവിൽ നിരോധനം ഏർപ്പെടുത്തില്ല.

പത്തനംതിട്ട -തിരുവല്ല റൂട്ടിലെ കോഴഞ്ചേരി പാലത്തിന്റെ തൂണിൽ  പ്രളയത്തിനു ശേഷം കണ്ടെത്തിയ വിള്ളലുകൾ ആശങ്കയ്ക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊതുമരാമത്ത് വകുപ്പ് റോഡ്- പാലം വിഭാഗം ചീഫ് എഞ്ചിനീയർ മനോമോഹന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പരിശോധന നടത്തിയത്. പാലത്തിന്റെ തൂണുകൾ ഉറപ്പിച്ചിരിക്കുന്ന വെൽ ഫൗണ്ടേഷനിലുള്ള വിള്ളൽ സംഘം പരിശോധിച്ചു. പുഴയിൽ സ്ഥിതി ചെയ്യുന്ന രണ്ട് തൂണുകളിലാണ് വിള്ളൽ കണ്ടെത്തിയത്. 1948 ൽ നിർമിച്ച പാലത്തിന്റെ വിള്ളലുകൾ കാലപ്പഴക്കം കൊണ്ട് ഉണ്ടായതാണെന്നും, ഉടൻ പരിഹരിക്കേണ്ടതാണെന്നും ചീഫ് എഞ്ചിനീയർ അറിയിച്ചു.

ഒന്നരക്കോടി രൂപയുടെ അറ്റകുറ്റപ്പണികൾ പാലത്തിൽ നടത്തേണ്ടി വരുമെന്നാണ് പ്രാഥമിക നിഗമനം. വിള്ളലുകളിൽ വിശദമായ പരിശോധന ഉടൻ നടത്തിയതിനു ശേഷം റിപ്പോർട്ട് പൊതുമരാമത്ത് മന്ത്രിക്ക് സമർപ്പിക്കും. പാലം അപകടാവസ്ഥയിലല്ലായെന്നാണ് വിദഗ്ധ സംഘത്തിന്റെ വിലയിരുത്തൽ. അതുകൊണ്ട് തൽക്കാലം വാഹന ഗതാഗതം തടഞ്ഞിട്ടില്ല. പമ്പാനദിയിൽ ഉണ്ടായ പ്രളയത്തിൽ പാലത്തിന്റെ സമീപംവരെ ജലം ഉയരുകയും വലിയ മരങ്ങളടക്കം പാലത്തിൽ വന്ന് ഇടിക്കുകയും ചെയ്തിരുന്നു.