കുട്ടനാട്ടുകാരുടെ ഐശ്വര്യത്തിൻറെ സൈറൺ മുഴങ്ങുന്നത് മുണ്ടയ്ക്കൽ പാലത്തിൽ

കുട്ടനാട്ടിലെ മുണ്ടയ്ക്കല്‍ പാലം ഇപ്പോള്‍ ഒരു ഗോശാലയാണ്. വെളളപ്പൊക്കത്തില്‍ അമ്പതിലധികം കന്നുകാലികള്‍ക്കാണ് ഈ പാലം അഭയകേന്ദ്രമായത്. എന്നാല്‍ മഴ മാറിയതോടെ കോണ്‍ക്രീറ്റ് പാലത്തിലെ വെയിലും ചൂടുമേല്‍ക്കേണ്ട സ്ഥിതിയിലാണ് കാലികളെല്ലാം    

മുക്രയിലൂടെ രക്ഷകർക്കു നന്ദി പറയുന്നുണ്ടാവണം ഈ മിണ്ടാപ്രാണികൾ. കഴുത്തൊപ്പം വെള്ളം പൊങ്ങിയപ്പോള്‍ കൈനകരിക്കാര്‍ പക്ഷേ കന്നുകാലികളെ കൈവിട്ടില്ല. വെള്ളം കയറാത്ത ഒരേയൊരിടം ഗതാഗതത്തിന് തുറന്നുകൊടുക്കാത്ത ഈ പാലമായിരുന്നു. അങ്ങിനെ പാലം തൊഴുത്തായി. കാലികള്‍ക്ക് അഭയകേന്ദ്രമായി

കിടാക്കളെ മോഷണംപോകുന്നുവെന്ന പരാതികള്‍ വന്നതോടെ കര്‍ഷകര്‍ക്ക് ആധിയുണ്ട്. പുല്ലും വെള്ളവും നല്‍കാന്‍ നീന്തിപ്പിടിച്ച് എത്തണം. കന്നുകാലികളെ ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാംപുകളിലെത്താന്‍ ആദ്യം പലരും മടിച്ചിരുന്നു. ഇതോടെ വള്ളങ്ങളിലും മറ്റുമായ മിണ്ടാപ്രാണികളെ ചിലര്‍ ക്യാംപ് പരിസരങ്ങളിലും എത്തിച്ചു. ഈ പാലമിപ്പോള്‍  കാലികള്‍ക്ക് ഒരു സുരക്ഷിത കേന്ദ്രമാണ്. ഇവിടെ മുഴങ്ങുന്നത് കുട്ടനാട്ടുകാരുടെ ഐശ്വര്യത്തിന്റെ സൈറനാണ്