തിരുവല്ല ക്ഷേത്രത്തിലെ ആനയുടെ കൊമ്പ് മുറിച്ചു നീളം കുറയ്ക്കുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ആനയുടെ വളർന്നിറങ്ങിയ കൊമ്പുകൾ മുറിച്ചു നീളം കുറയ്ക്കാൻ നടപടി. കൊമ്പുകൾ വളർന്നതുമൂലം ആനയ്ക്ക് തീറ്റയെടുക്കാനാകുന്നില്ലെന്നും ഉടൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് വനംവകുപ്പിനെ സമീപിച്ചു. 

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ജയരാജനെന്ന ഈ ഗജവീരൻ കഴിഞ്ഞ കുറച്ചു നാളുകളായി ഗതികേടിലാണ്. രണ്ടുകൊന്പുകളും ഇരുവശത്തേക്കും വളർന്ന് പരസ്പരം കൂട്ടിമുട്ടാറായി. തുന്പിക്കൈ ഉയർത്താനോ ശരിയായി തീറ്റയെടുക്കാനോ ആനയ്ക്ക് സാധിക്കുന്നില്ല. തീറ്റയായി നൽകുന്ന സാധനങ്ങൾ കൊന്പിനിടയിൽ കുടുങ്ങുന്നതും പതിവാണ്. ആന അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് ആനപ്രേമിയായ അരുൺരാജിൻറെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ദേവസ്വംബോർഡ് പ്രസിഡൻറ് എ.പത്മകുമാർ നേരിട്ടെത്തി വിവരങ്ങൾ പരിശോധിച്ചു. ആനയുടെ കൊന്പ് മുറിക്കുന്നതിന് ആവശ്യമായ അനുമതി നൽകണമെന്ന് വനംവകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു.

ആനയെ തളച്ചിരിക്കുന്ന സ്ഥലത്തെ മാലിന്യങ്ങൾ നീക്കി വൃത്തിയാക്കാനും പ്രസിഡൻറ് നിർദേശിച്ചു. ഇരുപത്തിരണ്ട് വയസുള്ള ആനയ്ക്ക് അടുത്തമാസം മദപ്പാടാണ്. അതിന് മുൻപ് കൊന്പ് മുറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വംബോർഡ്.