കൊട്ടാരക്കരയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം മാറി നല്‍കി

കൊല്ലം കൊട്ടാരക്കരയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം മാറി നല്‍കി. ഒടുവില്‍ രണ്ടുദിവസം മുമ്പ് സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് യഥാര്‍ഥ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മോര്‍ച്ചറി നടത്തിപ്പുകാരായ ലയണ്‍സ് ക്ലബിനെതിരെ കേസെടുത്ത പൊലീസ് മോര്‍ച്ചറി താല്‍ക്കാലികമായി പൂട്ടിച്ചു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലയൺസ് ക്ലബിന്റെ മോർച്ചറിയിലാണ് മൃതദേഹങ്ങള്‍ വിട്ടുകൊടുക്കുന്നതില്‍‍  വീഴ്ചയുണ്ടായത്. അഗതിമന്ദിരത്തിലേ അന്തേവാസിയായിരുന്ന ചെല്ലപ്പന്റെ മൃതേദഹത്തിന് പകരം മോര്‍ച്ചറിക്കാര്‍ നല്‍കിയത്  എഴുകോൺ സ്വദേശിനി തങ്കമ്മ പണിക്കരുടെ മൃതദേഹമാണ്. ചെല്ലപ്പെന്റേതെന്ന് കരുതി കൊല്ലം നഗരസഭയുടെ പോളയത്തോട് ശ്മശാനത്തില്‍  രണ്ട് ദിവസം മുന്‍പ് ഇത് മറവും ചെയ്്തു. ഞായറഴ്ച്ച മുതല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന തങ്കമ്മ പണിക്കരുടെ മൃതദേഹം ഏറ്റുവാങ്ങാനായി രാവിലെ ബന്ധുക്കള്‍ എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ മാറിയ വിവരം അറിയുന്നത്. 

ഒടുവില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ തങ്കമ്മ പണിക്കരുടെ മൃതദേഹം വീണ്ടെടുത്ത് ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹം മാറി നല്‍കിയതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മോര്‍ച്ചറിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.