പത്തനംതിട്ട നഗരസഭയില്‍ കോൺഗ്രസ് അംഗമായ അധ്യക്ഷക്കെതിരെ യുഡിഎഫിന്റെ അവിശ്വാസം

പത്തനംതിട്ട നഗരസഭയില്‍ കോൺഗ്രസ് അംഗമായ അധ്യക്ഷക്കെതിരെ  യുഡിഎഫ്  അവിശ്വാസത്തിനു നോട്ടീസ് നൽകി. നഗരസഭാധ്യക്ഷ രജനി പ്രദീപിന് എതിരായി  14 യുഡിഎഫ് അംഗങ്ങളാണ്  അവിശ്വാസ പ്രമേയ നോട്ടീസിൽ  ഒപ്പിട്ടത്.  മുന്‍ധാരണപ്രകാരമുള്ള കാലാവധി അവസാനിച്ചിട്ടും സ്ഥാനമൊഴിയാത്തതില്‍ പ്രതിഷേധിച്ചാണ് രജിനിക്കെതിരായ നീക്കം.

15 ദിവസത്തിനുള്ളിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കണമെന്നാണ് ചട്ടം. അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനുള്ള തീയതി അറിയിക്കണമെന്ന് റീജനൽ ജോ. ഡയറക്ടർ നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എട്ട് കോൺഗ്ര് അംഗങ്ങൾ ഉൾപ്പെടെ 14 യുഡിഎഫ് അംഗങ്ങൾ പ്രമേയ നോട്ടീസിൽ ഒപ്പിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഐ ഗ്രൂപ്പിലെ കൗൺസിലർമാരെ  വിളിച്ച് തൽക്കാലം  അവിശ്വാസ പ്രമേയവുമായി  മുന്നോട്ട് പോകരുതെന്ന്  ആവശ്യപ്പെട്ടിരുന്നു. രാജി വെയ്ക്കാൻ തയാറല്ലെന്നും  അവിശ്വാസത്തെ  നേരിടുമെന്നും   നഗരസഭ അധ്യക്ഷ രജനി പ്രദീപ് വ്യക്തമാക്കി.

32 അംഗ മുനിസിപ്പില്‍ കൗണ്‍സിലില്‍ യു.ഡി.എഫ്.22, എല്‍.ഡി.എഫ് ഒന്‍പത്, എസ്.ഡി.പി.ഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. അവിശ്വാസം പാസാകാൻ 17 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.