പ്രിയപ്പെട്ടവര്‍ക്ക് നോവോര്‍മ സമ്മാനിച്ച് കുഞ്ഞു സുബിന്‍ യാത്രയായി

പ്രതീക്ഷകളും പ്രാര്‍ത്ഥനകളും വിഫലമാക്കി കുഞ്ഞു സുബിന്‍ വേദനകളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായി. തൊലിപൊട്ടിയിളകി മാറുന്ന അപൂര്‍വ്വ ജനിതകരോഗം ബാധിച്ചിരുന്ന തിരുവനന്തപുരം കരമന സ്വദേശിയായ സുബിന്റെ ചികില്‍സയ്ക്കായി ഒരു നാടു മുഴുവന്‍ ഒരുമിച്ചിരുന്നു. സംസ്ഥാനസര്‍ക്കാരിന്റെ കൂടി സഹായത്തോടെ മജ്ജ മാററിവയ്ക്കല്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആ സ്വപ്നം പൊലിഞ്ഞു.  പ്രിയപ്പെട്ടവര്‍ക്ക് കുഞ്ഞു സുബിന്‍ ഇനി നോവോര്‍മ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കുരുന്ന് ഇന്നലെ രാത്രിയാണ് വേദനകളോട് വിടപറഞ്ഞത്. എപ്പിഡെര്‍മോലൈസിസ് ബുള്ളോസ ഡിസ്ട്രാഫിക്ക എന്നു പേരുള്ള ഇന്ത്യയില്‍ത്തന്നെ അത്യപൂര്‍വ്വമായ ജനിതക രോഗമായിരുന്നു സുബിന്. മജ്ജമാറ്റി വയ്ക്കലിലൂടെ ജീവന്‍ രക്ഷിക്കാമെന്ന ചെന്നൈ അപ്പോളോയിലെ ഡോക്ടര്‍മാരുടെ വാക്കുകള്‍ പ്രതീക്ഷയേറ്റി. 

മനോരമ ന്യൂസിലൂടെ സുബിന്റെ വേദന കണ്ട   മനസില്‍ നന്മയുള്ളവരെല്ലാം അവന്റെ വിദഗ്ധ ചികില്‍സയ്ക്കായി  ഒരുമിച്ചു. ആരോഗ്യമന്ത്രി നേരിട്ടെത്തി സഹായം ഉറപ്പാക്കി. ചെറുതും വലുതുമായ സംഭാവനകള്‍ ചേര്‍ത്തുവച്ച് ഏപ്രിലില്‍   മജ്ജ മാറ്റിവയ്ക്കല്‍ നടത്തി. വിജയകരമായ ശസ്ത്രക്രിയയ്ക്കു ശേഷം ജീവിതത്തിലേയ്ക്ക് തിരിച്ചുവരുന്നതിനിടെയാണ് സുബിനെ മരണം കൂട്ടിക്കൊണ്ടു പോകുന്നത്.