കോവളം ഇനി സുരക്ഷിതം; എല്ലാം കാണും ക്യാമറ

കോവളം ഇനി സുരക്ഷിത വിനോദസഞ്ചാരമേഖല. ബീച്ചും നടപ്പാതയുമെല്ലാം സി.സി.ടി.വി നിരീക്ഷണത്തിലാക്കിയുള്ള സമഗ്രമായ സുരക്ഷാപദ്ധതി യാഥാര്‍ഥ്യമായി. രാത്രി മുഴുവന്‍ വെളിച്ചം നല്‍കുന്ന സോളര്‍ ലൈറ്റുകളും കോവളം ബീച്ചില്‍ കണ്‍ തുറന്നു. വിദേശവനിതയുടെ കൊലപാതകത്തെ തുടര്‍ന്നാണ് യുദ്ധകാലാടിസ്ഥാനത്തില്‍ കോവളം ബീച്ചില്‍ സുരക്ഷാപദ്ധതികള്‍ നടപ്പാക്കിയത്. 50 ലക്ഷം രൂപ മുടക്കി 50 പുതിയ നിരീക്ഷണ ക്യാമറകളാണ് ബീച്ചില്‍ സ്ഥാപിച്ചത്. ഇതിന്റെ കണ്‍ട്രോള്‍ സിസ്റ്റം കോവളം പൊലീസ് സ്റ്റേഷനിലാണ്. 

പുറമെ 56 ലക്ഷം രൂപയുടെ സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. നിലവിലെ പൊലീസ് എയ്ഡ് പോസ്റ്റ് നവീകരിച്ചു. പുതിയ എയ്ഡ് പോസ്റ്റ് തുറന്നു. അപകടമേഖലകളില്‍ മുന്നറിയിപ്പ് സംവിധാവും പുതിയ അപായസൂചന ബോര്‍ഡുകളും സ്ഥാപിച്ചു. വെളിച്ചമില്ലാത്ത ബീച്ച് എന്ന ആക്ഷേപം ഒഴിവാക്കുന്നതിന് ലൈറ്റ് ഹൗസ് മുതല്‍ വാഹനപാര്‍ക്കിങ് മേഖലവരെ പുതിയ സൗരോര്‍ജ തെരുവുവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്.  കോഴിക്കോട് ബീച്ചുപോലെ കോവളം ബീച്ചും പ്രകാശപൂരിതമാക്കുമെന്ന് പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കോവളത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ ശുചിമുറികളും സുരക്ഷിതമായി വസ്ത്രംമാറുന്നതിനുള്ള സൗകര്യവുമെല്ലാം ഇതിന്റെ ഭാഗമായി നടപ്പാക്കും.