അച്ഛനെ അവസാനമായി കാണണമെന്ന മക്കളുടെ ആഗ്രഹത്തിന് വഴിയൊരുങ്ങുന്നു

അച്ഛനെ അവസാനമായി കാണാനുള്ള കൊല്ലം സ്വദേശി  ആന്റണി ആല്‍ബര്‍‌ട്ടിന്റ മക്കളുടെ ആഗ്രഹത്തിന് വഴിയൊരുങ്ങി. രണ്ട് മാസം മുന്‍പ് സൗദിയില്‍ മരിച്ച ആന്റണി ആല്‍ബര്‍ട്ടിന്റ മൃതദേഹം ചൊവ്വാഴ്ച്ച നാട്ടിലെത്തിക്കും.  എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് കാര്യമായ സഹായമുണ്ടായില്ലെന്ന് കുടുംബം ആരോപിച്ചു.

രണ്ടു മാസമായി ഈ മക്കള്‍ അച്ഛനെ അവസാനമായി കാണാന്‍ കാത്തിരിക്കുന്നു. ഇവരുടെ അപേക്ഷ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിദേശത്തും സ്വദേശത്തുമുള്ളവരുടെ അടിയന്തര ഇടപെടല്‍ ഉണ്ടായത്. വിദേശമലയാളികളുടെ നിരവധി സംഘടനങ്ങള്‍ പ്രശ്നത്തില്‍ ഇടപെട്ടു. സമ്മര്‍ദങ്ങള്‍ക്കൊടുവില്‍  കമ്പനി തന്നെ മൃതദേഹം എംബാമിങ് ചെയ്യാനാവശ്യമായ രണ്ടുലക്ഷം രൂപ കെട്ടിവെച്ചു. മറ്റ് തടയസ്സങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ ചൊവ്വാഴ്ച്ച ആന്റണി ആന്‍ബര്‍ട്ടിന്റെ മൃതദേഹം ജന്മസ്ഥലമായ കൊല്ലത്ത് എത്തിക്കും. 

ഇരുപത്തിയെട്ട് വര്‍ഷമായി സൗദിയില്‍ ജോലിചെയ്യുന്ന ആന്റണി ആല്‍ബര്‍ട്ട് ഹൃദയാഘാതത്തെ തുടര്‍ന്ന് കഴി‍ഞ്ഞ മേയ് ഇരുപത്തിരണ്ടിന് മരിച്ചത്.  ഇന്ത്യന്‍ എംബസിയുടെ ഇടപെടലിലൂടെ നല്‍കാനുണ്ടായിരുന്ന പതിനൊന്ന് മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കുടുംബത്തിന് നല്‍കാന്‍ കമ്പനി തയാറായിട്ടുണ്ട്.