കക്കാട് പാലം പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു

പത്തനംതിട്ട സീതത്തോട് കക്കാട് പാലം പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഇടുങ്ങിയ പാലം വീതികൂട്ടി പുനര്‍നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലത്തിന് വീതിയില്ലാത്തതിനാല്‍ അപകടങ്ങള്‍ തുടര്‍ക്കഥയാണ്.

കോടികള്‍ മുടക്കി ആങ്ങമുഴി വടശേരിക്കര റോഡ്  പുനര്‍നിര്‍മിച്ചെങ്കിലും സീതത്തോട് കവലയിലെ പാലത്തിന്റെ കാര്യത്തില്‍ അധികൃതര്‍ അനാസ്ഥകാട്ടിയെന്നാണ് നാട്ടുകാരുടെ ആരോപണം. വീതിയില്ലാത്തതിനാല്‍ പാലത്തില്‍ ഗതാഗതകുരുക്കും അപകടങ്ങളും പതിവാണ്.

സമരത്തിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണയുമായെത്തി. ഓട്ടോ–ടാക്സി തൊഴിലാളി യൂണിയനുകളും സമരത്തില്‍ പങ്കുചേര്‍ന്നു. പാലത്തിന് വീതികൂട്ടാനുള്ള നടപടി സ്വകരിച്ചില്ലെങ്കില്‍ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.