തിരുവനന്തപുരത്ത് എലിപ്പനി പടരുന്നു; ആറുമാസത്തിനിടെ മരിച്ചത് മൂന്നുപേർ

തിരുവനന്തപുരം ജില്ലയില്‍ എലിപ്പനി വ്യാപിക്കുന്നുവെന്ന് ആരോഗ്യവകുപ്പ്. ആറുമാസത്തിനകം മൂന്നുപേര്‍ എലിപ്പനി ബാധിച്ച് മരിച്ചെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു.  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

ജനുവരി മുതല്‍ ഈ മാസം ഒൻപ‌ത് വരെയുള്ള കണക്കാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടത്. 93 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. സംശയാസ്പദമായി 75 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

മൂന്ന് മരണങ്ങളും ചെങ്കല്‍ ,മാണിക്കല്‍,മുട്ടത്തറ എന്നീ പ്രദേശങ്ങളിലാണ്. കൂടുതലും രോഗം പിടിപെടുന്നത് തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്കാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിയന്ത്രണവിധേയമാണെന്നും ജില്ലാ കലക്ടര്‍ കെ വാസുകി പറഞ്ഞു.

മലിനജലത്തില്‍ ജോലി  ചെയ്യുന്ന തൊഴിലുറപ്പ് പണിക്കാരും വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നവരും  ജാഗ്രത പാലിക്കണം. ശുചീകരണ തൊഴിലാളികള്‍ ഡോക്സി സൈക്ലിന്‍ മരുന്ന് കഴിക്കണം കടുത്ത പനി,തലവേദന,ശരീര വേദന എന്നിവ അനുഭവപ്പെട്ടാല്‍ ചികില്‍സ തേടണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.