സ്വന്തമായി സ്ഥലമില്ല; ദലിത് വയോധികയുടെ മൃതദേഹം റോഡിൽ സംസ്കരിച്ചു

സ്വന്തമായി സ്ഥലമില്ലാത്തതിനെ തുടർന്ന് ചെങ്ങന്നൂർ നഗരസഭാ പരിധിയിൽ ദലിത് വയോധികയുടെ മൃതദേഹം റോഡിൽ സംസ്കരിച്ചു. അതേസമയം പൊതുശ്മശാനം നിർമിക്കുന്നതിൽ യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയുടെ അലംഭാവമാണ് മൃതദേഹം റോഡിൽ സംസ്കരിക്കാൻ ഇടയാക്കിയതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. 

ചെങ്ങന്നൂർ നഗരസഭാ പതിമൂന്നാം വാർഡിൽപ്പെട്ട കീഴ്ചേരിമേൽ കുറവൻപറന്പിൽ കുട്ടിയമ്മയെന്ന എൺപത്തിരണ്ടുകാരിയുടെ മൃതദേഹം കഴിഞ്ഞ വെള്ളിയാഴ്ച സംസ്കരിച്ച സ്ഥലമാണിത്. പകുതി റോഡിലും പകുതി വീടിനോട് ചേർന്നുണ്ടായിരുന്ന ഷെഡ് പൊളിച്ച സ്ഥത്തുമായിട്ടായിരുന്നു സംസ്കാരം. തറ നിരപ്പാക്കുന്നതിനായി സിമന്റുകട്ടകൾ വച്ച് മണ്ണിട്ടുയർത്തിയശേഷം ഇരുന്പുപെട്ടിവച്ച് അതിനുള്ളിൽ മൃതദേഹം സംസ്കരിക്കുകയായിരുന്നു. മൂന്നുവർഷം മുൻപ് കുട്ടിയമ്മയുടെ മകൻ മരിച്ചപ്പോഴും വീടിനുമുൻപിലുള്ള ശാസ്താപുറം റോഡിൽവച്ചാണ് മൃതദേഹം സംസ്കരിച്ചത്. 

ഒന്നര സെന്റ് മാത്രമാണ് പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബത്തിന് സ്വന്തമായുള്ളത്. പൊതുശ്മശാനത്തിനായി സ്ഥലം കണ്ടെത്തുന്നതിൽ ചെങ്ങന്നൂർ നഗരസഭ കടുത്ത അലംഭാവമാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.സമാനമായ സംഭവങ്ങൾ ആവർത്തിച്ചിട്ടും തൊട്ടടുത്തുള്ള ചെറിയനാട് ഗ്രാമപഞ്ചായത്തിലെ ശ്മശാനം ഉപയോഗപ്പെടുത്താനും നഗരസഭ തയാറായിട്ടില്ല.