യോഗയുടെ പ്രചാരണത്തിനായി വിദേശികളുടെ പര്യടനം

ആഗോള തലത്തില്‍ യോഗപ്രചരിപ്പിക്കുന്നതിന് അറുപതോളം വിദേശികള്‍ കേരളത്തില്‍ പര്യടനം തുടങ്ങി. 28 രാജ്യങ്ങളില്‍ നിന്നുള്ള യോഗ അംബാസിഡര്‍മാരാണ് രാജ്യാന്തരയോഗദിനമായ 21 വരെ സംസ്ഥാനത്ത് പര്യടനം നടത്തുന്നത്. കേരള ടൂറിസത്തിന് കുതിപ്പേകുന്ന യോഗ ടൂറിന് കൂടുതല്‍ സഹായം നല്‍കുമെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക് മനോരമ ന്യൂസിനോട് പറഞ്ഞു.

കേരളത്തിലെ യോഗയുടെ അംബാസിഡര്‍മാരായി 28 രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണിവര്‍. ഏഴുദിവസം നീണ്ടുനില്‍ക്കുന്ന പര്യടനത്തിനാണ് കോവളത്ത് തുടക്കമായത്. കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക് യാത്ര ഉദ്ഘാടനം ചെയ്തു. കന്യാകുമാരി, നെയ്യാര്‍ ശിവാനന്ദാശ്രമം, തേക്കടി, മറയൂരിലെ മുനിയറകള്‍, കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലൂടെയാണ് പര്യടനം. ക്യാന്‍സറിനെതിരായ പോരാട്ടത്തില്‍ തനിക്ക് മനോബലം തന്നത് യോഗയെന്ന് സംഘത്തിലുള്ള ഫിന്‍ലന്‍ഡുകാരിയുടെ സാക്ഷ്യം.

ബ്ലോഗുകളിലൂടെയും ലേഖനങ്ങളിലൂടെയും സംഘാംഗങ്ങള്‍ കേരളത്തിലെ യോഗയുടെ സാധ്യതകള്‍ സ്വന്തം നാടുകളില്‍ പ്രചരിപ്പിക്കും. കേരള ടൂറിസത്തിന് മുന്നേറ്റം നല്‍കുന്ന പുതിയ ഉല്‍പന്നമായി യോഗ ടൂര്‍ മാറുമെന്നാണ് പ്രതീക്ഷ. അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷനും കേരള ടൂറിസവും ആയുഷ് മന്ത്രാലയും ചേര്‍ന്നാണ് യോഗ ടൂര്‍ സംഘടിപ്പിക്കുന്നത്.