പി.ടി.എ നിര്‍ബന്ധിതപണപ്പിരിവ് നടത്തുന്നതായി പരാതി

വിദ്യാര്‍ഥികളില്‍ നിന്ന് പി.ടി.എ നിര്‍ബന്ധിതപണപ്പിരിവ് നടത്തുന്നതായി പരാതി. കൊല്ലം അഞ്ചല്‍ വെസ്റ്റ് സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ പിടിഎയ്ക്കെതിരെയാണ് ആക്ഷേപം. എന്നാല്‍ സ്കൂളിന് സ്ഥലം വാങ്ങാനായി ഫണ്ട് ശേഖരണം നടത്തുകയാണെന്നാണ് പിടിഎയുടെ വിശദീകരണം. 

പത്താംക്ലാസ് പാസായ കുട്ടികളില്‍ നിന്ന് പിടിഎ പണം പിരിയ്ക്കുന്നുവെന്നാണ് ആക്ഷേപം. സര്‍ട്ടിഫിക്കറ്റും,ടി.സിയും ലഭിക്കണമെങ്കില്‍ അഞ്ഞൂറ് രൂപ പിടിഎ ഫണ്ടിലടച്ചതിന്റെ രസീത് കാണിക്കണം. നിര്‍ധനരായ വിദ്യാര്‍ഥികളില്‍ നിന്നു പോലും പി.ടി.എ പണം പിരിക്കുന്നുണ്ട്. കൊല്ലം ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നാണ് അഞ്ചല്‍ വെസ്റ്റ് സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍. പിടിഎയുടെ നിര്‍ബന്ധിതപണപ്പിരിവിനെതിരെ വിദ്യാഭ്യാസമന്ത്രിക്കടക്കം പരാതി നല്‍കാനാണ് രക്ഷിതാക്കളുടെ തീരുമാനം.