വീട് നിർമ്മാണത്തിന്‍റെ പേരിൽ അനധികൃത മണ്ണെടുപ്പ്

വൈക്കം തലയോലപ്പറമ്പില്‍ വീട് നിർമ്മാണത്തിന്‍റെ പേരിൽ അനധികൃത മണ്ണെടുപ്പ് വ്യാപകം. മഴ ശക്തമായി മണ്ണിടിച്ചില്‍ രൂക്ഷമായതോടെ പരിസരത്തെ വീടുകള്‍ അപകടാവസ്ഥയിലായി. പൂഴിമണ്ണ് നീക്കാനുള്ള അനുമതിയുടെ മറവില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മണ്ണ് കടത്ത് .

കുന്നിടിച്ചുള്ള പൂഴിമണ്ണ് വിൽപനക്ക് വിലക്ക് വന്നതോടെയാണ്  മണ്ണ്കടത്താന്‍ മാഫിയ പുതുവഴി തേടിയത്. വീട് വയ്ക്കാനുള്ള അനുമതിക്കൊപ്പം നിശ്ചിത അളവിൽ മണ്ണെടുക്കാന്‍ പഞ്ചായത്ത് നല്‍കുന്ന അനുമതി മണ്ണ് മാഫിയക്ക് ഗുണമായി. നിയമലംഘനത്തിന് പഞ്ചായത്ത് അധികൃതരുടെ ഒത്താശകൂടിയായാതോടെ മണ്ണെടുപ്പ് നാടിന് തന്നെ ഭീഷണിയായി. 

മഴശക്തമായി മണ്ണൊലിപ്പ് വര്‍ധിച്ചതോടെ പരിസരത്തെ വീടുകളും അപകടാവസ്ഥയിലാണ്. കഴിഞ്ഞ രാത്രിയിലെ മഴയില്‍ മണ്ണിടിഞ്ഞ് പുത്തൻപുരയിൽ റഷീദിന്‍റെ വീടിന്‍റെ  ചുറ്റുമതിൽ തകർന്ന് വീടിന് വിള്ളൽ വീണു. വീട് ഏത് നിമിഷവും നിലംപൊത്താവുന്നഅവസ്ഥയിലാണ്. 

സമീപവാസി അനുവദിച്ചതിലും കൂടുതൽ മണ്ണ് നീക്കം ചെയ്തതാണ് അപകടത്തിന് കാരണമായത്. മണ്ണ് മാഫിയക്ക് ഒത്താശചെയ്യുന്നത് പൊലീസുകാരാണെന്നും ആരോപണമുണ്ട്. സ്ഥലം എംഎല്‍എയ്ക്കും ജില്ലാ കലക്ടര്‍ക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും അനധികൃത ഖനനം തടയാന്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. മണ്ണ് മാഫിയയെ പ്രതിരോധിക്കാന്‍ ജനകീയ സമരത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.