സാഹസിക കാഴ്ചകളൊരുക്കി ജഡായുപ്പാറ ജൂലൈയിൽ മിഴിതുറക്കും

ലോകത്തെ ഏറ്റവും വലിയ പക്ഷിശില്‍പമായ ജടായുപ്പാറയിലെ കാഴ്ചകള്‍ ജൂലൈ മുതല്‍ സഞ്ചാരികള്‍ക്കായി മിഴിതുറക്കും. കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത് സെന്ററില്‍ സാഹസിക പാര്‍ക്കും കേബിള്‍ കാര്‍ യാത്രയും തുടങ്ങി ഒട്ടേറെ വിനോദങ്ങള്‍ക്ക് അവസരമുണ്ട്. നൂറ് കോടി മുടക്കി 65 ഏക്കറിലാണ് കൗതുകകാഴ്ചകളൊരുക്കിയിരിക്കുന്നത്.വരണ്ട് ഉണങ്ങിയ പാറപ്പുറത്ത് വിരിഞ്ഞിരിക്കുന്നത് ഇന്ത്യയിലെ തന്നെ അപൂര്‍വ കാഴ്ചകള്‍. ജടായുവിന്റെ രൂപത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പം. ശില്‍പത്തിനുള്ളിലുമുണ്ട് കാഴ്ചകളുടെ വിസ്മയം, അഞ്ച് നിലകളിലായി മ്യൂസിയവും തീയേറ്ററും. പാറമുകളിലേക്ക് കയറിച്ചെല്ലാനുള്ള ഇലക്ട്രിക് കാര്‍ മറ്റൊരാകര്‍ഷണമാണ്. കാര്‍ യാത്രക്കടക്കം നാനൂറ് രൂപയാണ് പ്രവേശന ഫീസ്. 

സാഹസികള്‍ക്ക് ആവേശം നല്‍കുന്നതാണ് പാറക്കെട്ടുകളും മരങ്ങളുമെല്ലാം ചേര്‍ത്ത് തയാറാക്കിയിരിക്കുന്ന അഡ്വഞ്ചര്‍ പാര്‍ക്ക്. ഭക്ഷണമടക്കം രണ്ടായിരത്തിയഞ്ഞൂറ് രൂപയുടെ പാക്കേജാണ് സാഹസികവിനോദത്തിന്. സംവിധായകനും ശില്‍പ്പിയുമായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിലെ സംഘം പത്ത് വര്‍ഷം കൊണ്ടാണ് പാര്‍ക്ക് ഒരുക്കിയത്.ഹെലികോപ്ടറില്‍ കറങ്ങി ആകാശക്കാഴ്ച ആസ്വദിക്കാം. പാറക്കെട്ടിലെ പഴയ ഗുഹകളില്‍ ആയൂര്‍വേദ,സിദ്ധ ചികിത്സക്കുള്ള സൗകര്യവുമൊരുക്കും. ജൂലൈ നാലിന് മുഖ്യമന്ത്രിയാണ് സംസ്ഥാനത്തെ ആദ്യ ബി.ഒ.ടി ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. രാജീവ് അഞ്ചലടക്കം നൂറ്റിയമ്പതോളം വിദേശ മലയാളികളുടെ മുതല്‍ മുടക്കിലാണ് പാര്‍ക്ക് നിർമ്മിച്ചിരിക്കുന്നത്.