വാഗമണ്ണിലെ തോട്ടഭൂമിയിൽ അനധികൃത നിര്‍മാണം കണ്ടെത്തിയതായി റിപ്പോര്‍ട്ട്

‌‌വാഗമണ്‍ എം.എം.ജെ എസ്റ്റേറ്റിലെ തോട്ടഭൂമിയില്‍ അനധികൃത നിര്‍മാണം കണ്ടെത്തിയതായി വില്ലേജ് ഒാഫീസറുടെ റിപ്പോര്‍ട്ട്. തൊഴിലാളികള്‍ക്ക് നല്‍കാനെന്നപേരില്‍ എസ്റ്റേറ്റ് ഭൂമി തുണ്ടുകളാക്കി മുറിച്ചു വില്‍ക്കുന്നുവെന്നും കണ്ടെത്തി. ഭൂപരിഷ്ക്കരണ നിയമമനുസരിച്ച്  കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് നിര്‍ദേശിക്കുന്ന വിവരാവകാശ രേഖകള്‍ മനോരമ ന്യൂസിന് ലഭിച്ചു.

വാഗമണ്‍ ഏലപ്പാറ റൂട്ടിലുള്ള എം എം ജെ എസ്റ്റേറ്റിലെ സര്‍വേ നമ്പര്‍ 633. 1025, 732 എന്നിവയില്‍  ഉള്‍പ്പെട്ട ഭൂമിയിലാണ് അനധികൃത നിര്‍മാണവും സ്ഥല വില്‍പ്പനയും കണ്ടെത്തിയത്. തൊഴിലാളികള്‍ക്ക് കൂലിയായി നല്‍കേണ്ട തുകയ്ക്ക് ആനുപാതികമായി ഈ ഭൂമിയില്‍ നിന്ന് പരമാവധി പത്ത് സെന്റ് സ്ഥലം വീതം നല്‍കുന്നതിന് 2007ല്‍ ഫ്രാന്‍സിസ് ജോര്‍ജ് എം പിയുെട അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ തോട്ട ഉടമകള്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കുന്നതായും വില്ലേജ് ഒാഫീസര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

വാഗമണ്‍ ട്രാവന്‍കൂര്‍ ടീ എസ്റ്റേറ്റ് ഉടമയുടെ 1978 ഏക്കര്‍ ഭൂമിയില്‍ 60 ഏക്കര്‍ വില്‍പ്പന നടത്തിയിട്ടുണ്ട്.  ഇതിലുള്‍പ്പെട്ട സര്‍വേ നമ്പര്‍ 700ലെ ഭൂമി ചെറു തുണ്ടുകളായി വില്‍ക്കുന്നത് തോട്ടമായി പരിപാലിക്കാനല്ല  എന്ന് വ്യക്തം. പോക്കുവരവ് ചെയ്തെടുത്തതിന് ശേഷം ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി  അനുമതി തേടിയെങ്കിലും പഞ്ചായത്തില്‍ നിന്ന് അനുവാദം നല്‍കിയില്ല. ഇപ്പോള്‍ അനുമതിയില്ലാതെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

ഭൂപരിഷ്ക്കരണ നിയമം കര്‍ശനമായി നടപ്പാക്കുന്നതിന് തട്ടിപ്പ് വിവരം ഹൈക്കോടതിയില്‍ ഉന്നയിച്ച് അനുകൂല വിധി നേടണമെന്ന്‌ വില്ലേജ് ഒാഫീസര്‍  ഇടുക്കി ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തോട്ട ഭൂമി മറിച്ചു വിറ്റതുമായി ബന്ധപ്പെട്ട ് ഇതുവരെയും നടപടിയില്ല.