ആദിവാസികള്‍ നാറാണംമൂഴി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

പത്തനംതിട്ട റാന്നി അടിച്ചിപ്പുഴയില്‍ ആദിവാസിയുവാവിന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആദിവാസികള്‍ നാറാണംമൂഴി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണ് എന്നാണ് ബന്ധുക്കളുടെ പരാതി. കുറ്റക്കാരെ സംരക്ഷിക്കാന്‍ രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.

ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ആദിവാസികള്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്. ബാലുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടേയും നാട്ടുകാരുടേയും ആരോപണം.

ബാലുവിന് മര്‍ദ്ദനമേറ്റിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. ഇടതുവശത്തെ വാരിയെല്ലുകളില്‍ നാലെണ്ണം പൊട്ടിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. പുറത്തും കഴുത്തിലും സാരമായ ക്ഷതമേറ്റു. മരണത്തെ സംബന്ധിച്ചഅന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. ദുരൂഹസാഹചര്യത്തില്‍ ഞായറാഴ്ച രാവിലെയാണ് അടിച്ചിപ്പുഴയിലെഓടയില്‍ തേക്കുംമൂട്ടില്‍ ബാലുവിന്റെ മൃതദേഹം കണ്ടത്.